മസ്കത്ത്: സ്വദേശിവൽക്കരണം തുടരുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം.അഭ്യസ്ത വിദ്യരായ ഒമാൻ സ്വദേശികൾക്കു കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിസ നിരോധനം മലയാളികൾ അടക്കമുള്ള പ്രവാസി തൊഴിലന്വേഷകരെ പ്രതികൂലമായി ബാധിക്കും.

തൊഴിൽ മന്ത്രാലയത്തിന്റെയും മറ്റു വകുപ്പുകളുടെയും നേരിട്ടുള്ള നിരീക്ഷണത്തിൽ ഒമാനിൽ നടപ്പിലാക്കി വരുന്ന സ്വദേശിവൽക്കരണം ലക്ഷ്യത്തിലെത്തുമെന്നു അധികൃതർ വ്യക്തമാക്കി. ഇതിനകം ലക്ഷ്യമിട്ടതിന്റെ 55 % സ്വദേശികൾക്കു സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചു കഴിഞ്ഞു.

വിദേശ തൊഴിൽ ശക്തിയോടു കിടപിടിക്കത്തക്ക പ്രാഗൽഭ്യം ഉള്ള അഭ്യസ്ത വിദ്യരായ സ്വദേശികളുടെ എണ്ണം വർധിച്ചു വരുന്ന സഹാചര്യം കണക്കിലെടുത്താണ് ഒമാൻ ഭരണകൂടം സ്വദേശിവൽക്കരണം ശക്തമാക്കിയിരിക്കുന്നത്.  സർക്കാർ -- സ്വകാര്യ മേഖലയിൽ നിയമനങ്ങൾ നടത്തുമ്പോൾ സ്വദേശികൾക്കു മുൻഗണന നൽകുവാനുള്ള നടപടികൾ പ്രാവർത്തികമാക്കി കഴിഞ്ഞു.

യോഗ്യരായ സ്വദേശികളെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമായിരിക്കും വിദേശികൾക്ക് ഇനിയും പുതിയ വിസ അനുവദിക്കുകയുള്ളു. നിശ്ചിത ലക്‌ഷ്യം പിന്നിട്ടു , സമയ പരിധി കഴിഞ്ഞാലും -- തൊഴിൽ ആവശ്യമായി വരുന്ന എല്ലാ സ്വദേശികൾക്കും സർക്കാർ അവസരങ്ങൾ കണ്ടെത്തും.  സ്വദേശിവൽക്കരണം തുടരുന്ന പക്ഷം , രാജ്യത്തെ വിദേശികളുടെ എണ്ണം ഗണ്യമായി കുറയുവാൻ കാരണമാകും.