കൊച്ചി: ഭക്ഷ്യവസ്തുക്കളിൽ മായവും വിഷാംശവും ചേർക്കുന്നവ‍ക്ക് തക്കതായ ശിക്ഷ കൊടുക്കാൻ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിയെന്ന് നിയവിദഗ്ധർ. ശക്തമായ ശാസ്ത്രീയ തെളിവുകളോടെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കഴിയുന്നില്ല. മായം ചേർക്കൽ നരഹത്യക്ക് തുല്യമായ കുറ്റമാക്കിയാലേ കുറ്റക്കാരെ നിലയ്ക്ക് നിർത്താൻ കഴിയൂ. 

ഭക്ഷണവസ്തുക്കളിൽ മായവും വിഷാംശവും ചേർക്കുന്നവർക്ക് കൊടിയ ശിക്ഷ ഉറപ്പുവരുത്തണമെന്നാണ് നിയമവിദഗ്ധ‍ർ പറയുന്നത്. സമൂഹത്തിന് മുഴുവൻ ശിക്ഷ കൊടുത്താലേ ഇത്തരക്കാർ മെരുങ്ങൂ. എന്നാൽ രാജ്യത്ത് നിലവിലുളള ഭക്ഷ്യസുരക്ഷാ ഗുണനലിവാര നിയമം വേണ്ടവിധത്തിൽ നടപ്പാക്കാൻ കഴിയാത്തതാണ് വലിയ പരാജയമെന്നും ഇവർ പറയുന്നു. 

ഇത്തരം കേസുകൾ തെളിയിക്കാൻ ശാസ്ത്രീയ തെളിവുകൾ വേണം. പക്ഷേ കേരളത്തിലടക്കം രാജ്യത്ത്  പലയിടത്തും കൃത്യമായ സംവിധാനങ്ങളുളള ഭക്ഷ്യസുരക്ഷാ ലാബുകളില്ല. ഉദ്യോഗസ്ഥർ പിടികൂടിയാലും മായം ചേർക്കുന്നവ‍ കോടതി മുറിയിൽ രക്ഷപെടും

2011 ൽ നിലവിൽ വന്ന ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ പ്രധാന വ്യവസ്ഥകളൊന്നും ഇന്നും പാലിക്കപ്പെട്ടിട്ടില്ല. ആവശ്യത്തിന് ഉദ്യോഗസ്ഥരോ ആവർക്കാവശ്യമായ സംവിധാനങ്ങളോ ഇല്ല. ഇതൊന്നുമില്ലാതെയാണ് മായം ചേർക്കൽ തടയുന്നതിനെപ്പറ്റി ഭരണകൂടം  വാചാലമാകുന്നത്