Asianet News MalayalamAsianet News Malayalam

ആലപ്പാട് ജനകീയസമരം എഴുപതാം ദിവസം, 2004 മുതൽ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത അന്വേഷണപരമ്പരകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി #സേവ്ആലപ്പാട് എന്ന ഹാഷ്‍ടാഗ് മലയാളികൾക്കിടയിൽ വൻതരംഗമാണ്. ഏഷ്യാനെറ്റ് ന്യൂസ് മുൻ ചീഫ് എഡിറ്റർ ടി എൻ ഗോപകുമാർ 'കണ്ണാടി'യിലൂടെയും മറ്റനേകം പരിപാടികളിലൂടെയും ആലപ്പാട് സമരം പൊതുജനശ്രദ്ധയിലെത്തിച്ചിരുന്നു. എന്താണ് ആലപ്പാട്ടെ സമരം? 

save alappad hashtag campaign gains momentum in social media asianet news archive stories about alappadu
Author
Alappad, First Published Jan 9, 2019, 3:13 PM IST

കൊല്ലം: കരിമണൽ ഖനനത്തിൽ അപ്രത്യക്ഷമാകുന്ന ഒരു പഞ്ചായത്ത്. ജാർഖണ്ഡിലോ, ഛത്തീസ്ഗഢിലെയോ ഖനികളുടെ കഥയല്ലിത്. ഖനനത്തിൽ കൊല്ലം ആലപ്പാട്ടെ തീരമേഖല കടലിൽ അപ്രത്യക്ഷമാകുമ്പോൾ ഒഴുകിപ്പോവുന്നത് അവിടത്തെ നാട്ടുകാരുടെ ജീവിതം കൂടിയാണ്.  

പ്രളയക്കെടുതിയിൽ കേരളം മുങ്ങിത്താണപ്പോൾ കൈ പിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ ഒരു പിന്തുണ ആവശ്യമാണെന്ന് കേരളം ഒറ്റക്കെട്ടായി നിന്ന് ആവശ്യപ്പെടുകയാണ്. എന്താണ് ആലപ്പാട്ടെ സമരം? 

എവിടെയാണ് ആലപ്പാട്?

കൊല്ലം ജില്ലയിലെ ഒരു കടലോരഗ്രാമമാണ് ആലപ്പാട്. അറബിക്കടലിന്‍റെയും ടി എസ് കനാലിനുമിടയിലുള്ള ഒരു ചെറുഗ്രാമത്തെ ഇന്ന് കടൽ വിഴുങ്ങുകയാണ്. 2004-ലെ സുനാമിത്തിരകൾ ആലപ്പാട്ടെ ജനങ്ങളുടെ ജീവിതത്തെത്തന്നെയാണ് തല്ലിത്തകർത്തത്. സുനാമിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പഞ്ചായത്താണ് ആലപ്പാട്. നിരവധിപ്പേരെ കാണാതായി, ചിലരെ മരിച്ച നിലയിൽ കണ്ടെത്തി.വീടുകൾ തകർന്നു. ബോട്ടുകൾ തകർന്നു. ഉപജീവനം തന്നെ ഇല്ലാതായി. അതിന്‍റെ ആഘാതത്തിൽ നിന്ന് ആലപ്പാട് കര കയറിയിരുന്നില്ല. 2016 ഡിസംബറിൽ ആഞ്ഞടിച്ച ഓഖി വീണ്ടും ആലപ്പാടിനെ നാശക്കടലിലാഴ്ത്തി. 

ആലപ്പാട്ട് സുനാമിയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടി

"

1955-ലെ ഭൂപടരേഖകളിൽ ആലപ്പാട് പഞ്ചായത്തിന്‍റെ വിസ്തീർണം 89.5 ചതുരശ്ര കിലോമീറ്ററാണ്. തുടർച്ചയായ കരിമണൽ ഖനനം കൊണ്ടും തീരശോഷണം കൊണ്ടും ഇപ്പോൾ ആലപ്പാട് ചുരുങ്ങി വലിപ്പം വെറും 8.9 ചതുരശ്ര കിലോമീറ്ററായി. 63 വർഷത്തെ നിരന്തരചൂഷണം 80 ചതുരശ്ര കിലോമീറ്റർ ഭൂമിയെയാണ് കടലിൽ മുക്കിക്കളഞ്ഞത്!

ഇപ്പോൾ ആലപ്പാട്ട് 7500 കുടുംബങ്ങളുണ്ട്. സുനാമിക്ക് ശേഷം ആലപ്പാട്ട് നിന്ന് വീടൊഴിഞ്ഞ് പോയ രണ്ടായിരത്തോളം കുടുംബങ്ങൾ വെള്ളമിറങ്ങിയപ്പോൾ തിരികെ വന്നു. അവരുടെ ഭൂമിയും ഇപ്പോൾ കടലെടുക്കുമെന്ന ഭീഷണിയിലാണ്. 

അറബിക്കടലിന്‍റെയും ടി എസ് കനാലിന്‍റെയും ഇടയ്ക്കുള്ള ഈ കൊച്ചുഭൂമിയുടെ വലിപ്പം ദിവസം കൂടുന്തോറും കുറഞ്ഞു കുറങ്ങ് വരികയാണ്. ചിലയിടത്ത് രണ്ട് അതിരുകളും തമ്മിലുള്ള ദൂരം വെറും 50 മീറ്റർ മാത്രമാണ്!

കരിമണൽഖനനം വരുത്തി വയ്ക്കുന്ന നാശം

ആലപ്പാടിനടുത്തുള്ള രണ്ട് പ്രധാനഖനനപ്രദേശങ്ങളാണുള്ളത്. ഒന്ന് ആലപ്പാട്ടെ വെള്ളനാതുരുത്തിലാണ്. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് (IREL) ആണ് ഇവിടെ ധാതുഖനനം നടത്തുന്നത്. അറ്റോമിക് എനർജി മന്ത്രാലയത്തിന്‍റെ പ്രധാനഖനനപ്രദേശങ്ങളിലൊന്ന്. കരയുടെ മൂന്നിലൊന്ന് ഭാഗവും ഇവിടെ കടലെടുത്തു കഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് മുൻ ചീഫ് എഡിറ്റർ ടി എൻ ഗോപകുമാർ 'കണ്ണാടി'യിൽ ആലപ്പാടിനെക്കുറിച്ച് ചെയ്ത അന്വേഷണപരിപാടി:

സമാനമായ ഖനനമാണ് പൊൻമന ഗ്രാമപഞ്ചായത്തിലും നടക്കുന്നത്. ആലപ്പാട്ട് മാത്രമല്ല, കൊല്ലത്തിന്‍റെ തീരമേഖലകളിലെല്ലാം ധാതുഖനനമുണ്ടാക്കിയ നാശനഷ്ടങ്ങളും തീരശോഷണവും ചില്ലറയല്ല. 

കേരളപാഠങ്ങൾ: പൊൻമന പഞ്ചായത്തിലെ അനധികൃതഖനനത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി

വേണ്ടത് ശാസ്ത്രീയപഠനം

ആലപ്പാട് പഞ്ചായത്തിന്‍റെ തീരശോഷണത്തിന്‍റെ കാരണമെന്തെന്ന കാര്യത്തിൽ ഇപ്പോഴും തർക്കങ്ങളുണ്ട്. പ്രത്യേകപ്രതിഭാസം മൂലമാണ് തീരം കടലെടുക്കുന്നതെന്ന് ചില വിദഗ്ധർ പറയുന്നു. അതല്ല, തുടർച്ചയായ ഖനനം മൂലമാണ് തീരം ശോഷിക്കുന്നതെന്ന് നാട്ടുകാരും. എന്തായാലും ആലപ്പാട്ട് തീരമില്ലാതാകുന്നത് എങ്ങനെയെന്നതിൽ ശാസ്ത്രീയപഠനം ആവശ്യമുണ്ട്. 

ആഗോളതാപനം മൂലം കടലിൽ ജലനിരപ്പുയരുന്നതും നിരന്തരമായ ഖനനവുമാണ് ആലപ്പാട്ടെ തീരമേഖല നശിക്കാൻ കാരണമെന്ന് സമരസമിതി പറയുന്നു. തീരമേഖലയോടടുത്ത് ഇപ്പോൾ കടൽഭിത്തി നിലനിന്നിരുന്ന ഇടത്ത് ചില വീടുകളുണ്ടായിരുന്നെന്നും നെൽപ്പാടങ്ങളുണ്ടായിരുന്ന സ്ഥലത്ത് പോലും ഇപ്പോൾ കടലായിരുന്നെന്നും നാട്ടുകാർ. 

കേരളപാഠങ്ങൾ: ആലപ്പാടുൾപ്പടെയുള്ള കൊല്ലത്തെ തീരമേഖലയിലെ അനധികൃതഖനനത്തെക്കുറിച്ചുള്ള പ്രത്യേകപരിപാടി

ടൈറ്റാനോമാഗ്‍നെറ്റൈറ്റ് എന്ന ധാതുവുള്ള കരിമണലാണ് സാധാരണ മണലിൽ നിന്ന് ഇവിടെ വേർതിരിച്ചെടുക്കുന്നത്. ധാതു വേർതിരിച്ച ശേഷം സാധാരണ മണൽ തിരികെ തീരത്ത് കൊണ്ടിടുന്നുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. അങ്ങനെയെങ്കിൽ 1968 മുതലുള്ള ഖനനത്തിന് ശേഷമുള്ള മണലെവിടെ? പിന്നെ ഞങ്ങളുടെ ഭൂമി എവിടെപ്പോയി? - നാട്ടുകാർ ചോദിക്കുന്നു. 

ഖനനത്തിന് വേണ്ടി മണലെടുത്ത് മറ്റ് പലയിടങ്ങളിലേക്കും കടത്തുന്നതായും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. ഇതിനെക്കുറിച്ചൊക്കെ വിശദമായ ശാസ്ത്രീയപഠനം നടന്നാലേ തീരശോഷണത്തെക്കുറിച്ചുള്ള വസ്തുതകൾ പുറത്തു വരൂ. അധികൃതരുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ടതും ഇക്കാര്യത്തിൽത്തന്നെ. 

കൊല്ലത്തെ തീരമേഖലയിൽ കോടികളുടെ മണൽക്കടത്ത്: ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

സാമൂഹ്യമാധ്യമങ്ങളിൽ പിന്തുണയേറുന്നു

നാൽപ്പത് ദിവസത്തോളമായി തുടരുന്ന ആലപ്പാട് സമരത്തിന് സാമൂഹ്യമാധ്യമങ്ങളിൽ വൻ പിന്തുണയാണ് കിട്ടുന്നത്. ടൊവിനോയും പൃത്ഥ്വിരാജുമുൾപ്പടെയുള്ള നിരവധി താരങ്ങൾ സമരത്തിന് പിന്തുണയുമായെത്തി. ഇന്‍റർനാഷണൽ ചളു യൂണിയനുൾപ്പടെയുള്ള ട്രോൾ ഗ്രൂപ്പുകളും ആലപ്പാടിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios