ഒരേകാലത്തു തമിഴിലും മലയാളത്തിലും താരറാണിമാരായി തിളങ്ങിയിരുന്ന നായികമാരാണ് ജയലളിതയും ഷീലയും. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദവുമുണ്ടായിരുന്നു.

ജയലളിതയെ കുറിച്ച് ഷീല പറയുന്നു.

വീട്ടില്‍ അമ്മു എന്നായിരുന്നു എന്നു വിളിച്ചിരുന്നത്. അവരും ഞാനും വലിയ ബിസിയായിരുന്നു അഭിനയിക്കുന്ന കാലത്ത്. അടുത്തടുത്ത ഷൂട്ടിം ഉണ്ടായിരുന്നു.  അപ്പോള്‍ രണ്ടുപേര്‍ക്കും എപ്പോഴും പുറത്തൊന്നും പോകാന്‍ ഒക്കില്ലല്ലോ. എനിക്കാണെങ്കില്‍ പോകാം. തമിഴ്നാട്ടില്‍ എന്നെ ആരും അറിയില്ല. പക്ഷേ അവര്‍ക്കു പോകാന്‍ ഒക്കുമോ? അപ്പോള്‍ രണ്ടുപേരും പര്‍ദയൊക്കെ ഇട്ടുകൊണ്ട് എക്സിബിഷനു ഒക്കെ പോയിട്ടുണ്ട്. ബുഹാരി എന്ന ഹോട്ടലുണ്ടായിരുന്നു. ആ ഹോട്ടലിനു മുന്നില്‍ കാറിലിരുന്നിട്ട് ഫലൂദ ഒക്കെ കഴിക്കും. രണ്ടുപേരും ഒരുമിച്ച് പടത്തിനു പോകും. വീട്ടില്‍ വരും. ഞങ്ങള്‍ ഒരേസമയത്ത് ആയിരുന്നു വീട് കെട്ടിയിരുന്നത്. എന്റെ വീട് കെട്ടിയപ്പോള്‍ ആദ്യം ഞാന്‍ നോക്കിയത് സൗന്ദര്യമായിരുന്നു. എനിക്ക് ഒരു വാട്ടര്‍ ഫാള്‍സ് വേണമെന്നുണ്ടായിരുന്നു. എന്റെ വീടിന്റെ മുന്‍വശത്ത് വലിയൊരു  വാട്ടര്‍ ഫാള്‍സ്. ആ കാലത്ത് ആരും വീട്ടില്‍ ലിഫ്റ്റ് വച്ചില്ലായിരുന്നു. ഞാന്‍ ലിഫ്റ്റ് വെച്ചു. പക്ഷേ ജയലളിത എന്തുചെയ്തെന്നറിയുമോ? അവര്‍ വീടു കെട്ടിയപ്പോള്‍ വലിയ ഒരു ഹാള്‍ മുഴുവനും ലൈബ്രറിയാക്കി. ലോകത്തുള്ള എല്ലാ പുസ്തകങ്ങളും ആ ലൈബ്രറിയില്‍ കാണും. എപ്പോഴും അവര്‍ വായിച്ചുകൊണ്ടിരിക്കും. അവരെപ്പോലെ ബുദ്ധിയുള്ള ഒരു സ്ത്രീ ലോകത്ത് കാണാനൊക്കില്ല.