മുംബൈ: വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നതിനെ എതിര്‍ക്കുന്നവരെ കുറഞ്ഞത് രണ്ട് ദിവസം ആന്‍ഡമാന്‍ ജയിലില്‍ പാര്‍പ്പിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സവര്‍ക്കറെ ആദരിക്കണമെന്ന് ഞങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. എതിര്‍ക്കുന്നവര്‍ സവര്‍ക്കറെ പാര്‍പ്പിച്ച ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും പാര്‍പ്പിക്കണം. എങ്കില്‍ മാത്രമേ അദ്ദേഹത്തിന്‍റെ ത്യാഗവും രാജ്യത്തിന് വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകളും മനസ്സിലാകൂ-സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം, ശിവസേനയുടെ മറ്റ് നേതാക്കള്‍ സഞ്ജയ് റാവത്തിന്‍റെ പ്രസ്താവനയോട് പ്രതികരിച്ചില്ല. ബിജെപി നേതാക്കള്‍ സഞ്ജയ് റാവത്തിന് അനുകൂലമായി രംഗത്തെത്തി.

വെറുമൊരു സ്വാതന്ത്ര്യ സമര സേനാനിയല്ല സവര്‍ക്കര്‍. അദ്ദേഹം ഒരു പ്രത്യയശാസ്ത്രമാണെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രസക്തി ഒരിക്കലും നഷ്ടമാകില്ലെന്നും ഫഡ്നവിസ് പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കാനുള്ള നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഗാന്ധി വധക്കേസില്‍ പ്രതിയായ സവര്‍ക്കര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വക്താവാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. ദില്ലിയില്‍ നടന്ന പരിപാടിയില്‍ മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ ഗാന്ധിയാണെന്നുമുള്ള രാഹുലിന്‍റെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. 

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം വിട്ട ശിവസേന, കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായിട്ടാണ് ഭരിക്കുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ പിണക്കിയാല്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് തലവേദനയാകും. എന്നാല്‍, സവര്‍ക്കര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ഭാരതരത്ന നല്‍കണമെന്നാണ് ശിവസേനയുടെ ഔദ്യോഗിക നിലപാട്.