ഇന്നലെ 113 ആം നമ്പർ കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് കേസുകൾ നീണ്ടു പോയതിനാൽ പരിഗണിച്ചിരുന്നില്ല

ദില്ലി:എസ്എന്‍സി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം കേൾക്കാനായി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 110 ആം നമ്പർ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ 113 ആം നമ്പർ കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് കേസുകൾ നീണ്ടു പോയതിനാൽ പരിഗണിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്.


പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ്‌ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയിലാണ് വാദം ആരംഭിക്കാതെ നീണ്ടുപോകുന്നത്.

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോർഡ് മുൻ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഇളവ് തേടിയുള്ള ഹർജിയും ഇതോടൊപ്പം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് എവിടെ? നഷ്ടമായത് തമ്പാനൂർ ബസ് ടെർമിനലിൽ വെച്ചോ? ജീവനക്കാരുടെ മൊഴിയെടുക്കും

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates