കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടുകയാണ്. വൈറസ് വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളാണ് സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ അവസരത്തിൽ ഗുജറാത്തിലെ ഒരു ബാങ്ക് ജീവനക്കാരന്റെ വീഡിയോ ആണ് സമൂഹമധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.

ചൂടുള്ള തേപ്പുപെട്ടി ഉപയോഗിച്ച് ചെക്ക് അണു വിമുക്തമാക്കുന്ന ബാങ്ക് ഓഫ് ബറോഡയിലെ ഉദ്യോഗസ്ഥന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് സംഭവത്തിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ബാങ്കിന്റെ ജനലിന്റെ ഭാ​ഗത്ത് നിൽക്കുന്ന സ്ത്രീയുടെ കയ്യിൽ നിന്ന് ചെക്ക് വാങ്ങി ജീവനക്കാരന്‍ കൗണ്ടറിന് മുന്നില്‍ വെക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ കൊടിലിന്റെ സഹായത്തോടെ ചെക്ക് എടുത്ത് മേശപ്പുറത്ത് വച്ച ഉദ്യോഗസ്ഥൻ ചൂടുള്ള തേപ്പുപെട്ടി ഉപയോ​ഗിച്ച് തേച്ചെടുക്കുകയാണ് ചെയ്തത്. 

ഈ രീതി കാര്യക്ഷമമാണോ എന്ന് അറിയില്ലെങ്കിലും ബാങ്ക് ഉദ്യോഗസ്ഥന്റെ സര്‍ഗാത്മകതയെ അഭിനന്ദിക്കുന്നുവെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്. എന്തായാലും വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഉദ്യോ​ഗസ്ഥനെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തിയിരിക്കുന്നത്.