ചരിത്രത്തില്‍ തങ്ങളുടെ ബന്ധങ്ങള്‍ ഏറെ ആഴത്തിലുള്ളതാണെന്നും നയതന്ത്ര സഹകരണം വര്‍ധിച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. 2017ലെ റിപ്പബ്ലിക് ദിനത്തിന് ഇന്ത്യയുടെ പ്രിയ സുഹൃത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യാതിഥിയായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2006 ല്‍ സൗദി രാജാവ് ആണ് ഇതിന് മുന്‍പ് ഗള്‍ഫ് മേഖലയില്‍ നിന്നും റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യ അതിഥിയായി എത്തിയത്. പിന്നീട് 2013 ല്‍ ഒമാന്‍ സുല്‍ത്താനെ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യ അതിഥിയായി ക്ഷണിച്ചിരുന്നു എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളായി അദ്ദേഹം പിന്‍മാറിയതിനെ തുടര്‍ന്ന് ഭൂട്ടാന്‍ രാജാവ് ആണ് അവസാനം അതിഥിയായി എത്തിയത്. 

ഏതാണ്ട് ഏഴ് ദശലക്ഷം ഇന്ത്യക്കാര്‍ പണിയെടുക്കുന്ന സ്ഥലമാണ് ഗള്‍ഫ് മേഖല. 2015-16 കാലഘട്ടത്തില്‍ ഇന്ത്യയുടെ ഗള്‍ഫ് മേഖലയിലേക്കുള്ള കയറ്റുമതി 41.71 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറായി വര്‍ദ്ധിച്ചിരുന്നു. ഇതേ സമയം തന്നെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉപയകക്ഷി വ്യാപരം 97.46 അമേരിക്കന്‍ ഡോളറായി വര്‍ദ്ധിച്ചിരുന്നു. അതേ സമയം തന്നെ വിദേശത്ത് നിന്നും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്‍റെ 52.1 ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് എന്നാണ് മൂഡിസ് ഇന്‍വേസ്റ്റ്മെന്‍റ് സര്‍വ്വീസ് റിപ്പോര്‍ട്ട് പറയുന്നത്. ഒപ്പം ഇന്ത്യന്‍ ഓയല്‍ ഇറക്കുമതിയുടെ പ്രധാനപ്പെട്ട സ്രോതസും ഗള്‍ഫ് നാടുകളാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനത്തിന് തിരഞ്ഞെടുത്ത രാജ്യം യുഎഇ ആയിരുന്നു. 34 കൊല്ലത്തിന് ശേഷമായിരുന്നു ഉപയകക്ഷി ബന്ധത്തിന്‍റെ പേരില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ മണ്ണില്‍ എത്തിയത്. 

അന്ന് ഭീകരതക്ക് മതങ്ങളെ ഉപയോഗിച്ച്‌ ന്യായീകരണം ചമയ്ക്കുന്നതിനെയും പിന്തുണ നല്‍കുന്നതിനെയും നരേന്ദ്രമോദിയുടെ യൂ.എ.ഇ സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്താമെന്നും അന്ന് ധാരണയുണ്ടായിരുന്നു. പ്രധാനമന്ത്രിയും യുഎഇയും അന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ 11 തവണയാണ് ഭീകരവാദം എന്ന വാക്ക് ഉന്നയിക്കപ്പെട്ടത്.

ഇത്തവണ മേഖലയില്‍ ഭീകരവാദത്തിന്‍റെ പേരില്‍ പാകിസ്ഥാനുമായി ഇന്ത്യ മോശം ബന്ധത്തിലാണ്. ഈ അവസരത്തില്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ ഒപ്പം നിര്‍ത്തുക എന്നതാണ് ഈ ക്ഷണത്തിലൂടെ ഇന്ത്യ ഉദ്ദേശിക്കുന്നത് എന്നാണ് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറാണ് അബുദാബി കിരീടാവകാശി എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. 

യുഎഇ വഴി പാകിസ്ഥാനില്‍ മണ്ണില്‍ നിന്ന് ഇന്ത്യയ്ക്കെതിരെ നടക്കുന്ന ഭീകരവാദത്തിന് പണം എത്തുന്നുണ്ട് എന്നത് വ്യക്തമാക്കാന്‍ ഇന്ത്യയ്ക്ക് ഇത് അവസരം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. യു.എ.ഇയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നത് യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറാണ് എന്നത് കൂടി അബുദാബി കിരീടാവകാശിയെ ക്ഷണിക്കാന്‍ വലിയോരു കാരണമാണ്.