Asianet News MalayalamAsianet News Malayalam

അകലങ്ങളിലിരുന്ന് നമ്മള്‍ ഓണത്തെ കൈയെത്തിപ്പിടിക്കുന്നു

കോവിഡ് കാലത്തെ ഓണം. ഋതുവര്‍ണ എഴുതുന്നു

onam in corona days by Rithuvarna
Author
Thiruvananthapuram, First Published Aug 30, 2020, 4:39 PM IST
  • Facebook
  • Twitter
  • Whatsapp

മുക്കുറ്റിക്കും, തുമ്പയ്ക്കും, കാക്കപൂവിനും ഒപ്പം ഞാറ്റുവേലയും കൈമോശം വന്നവരാണു നമ്മള്‍. തുടക്കത്തില്‍ പറഞ്ഞ പോലെ, ചെറിയ മാറ്റങ്ങള്‍, വളരെ ചെറിയ മാറ്റങ്ങള്‍; കാട്ടുചെടികള്‍ എന്ന് പറഞ്ഞ് പിഴുതെറിഞ്ഞതെല്ലാം നാട്ടുചെടികള്‍ ആയിരുന്നു എന്ന തിരിച്ചറിവില്‍ തുടങ്ങുന്ന ചെറിയ മാറ്റങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്. കാലം വലിയ മാറ്റങ്ങള്‍ സമ്മാനിക്കുമെന്ന അനുഭവ പാഠത്തിലൂടെ.

 

onam in corona days by Rithuvarna

 

തിരുത്താമായിരുന്നിട്ടും തിരുത്താതെ പോയ തെറ്റുകള്‍, പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയ ചെറിയ, വളരെ ചെറിയ മാറ്റങ്ങള്‍, എല്ലാത്തിന്റേയും ആകെത്തുകയായി കോവിഡ് കാലം ഒരു വര്‍ഷത്തിന്റെ പകുതിയും അപഹരിച്ചിരിക്കുന്നു.

പ്രതിസന്ധികള്‍ക്കു സമാന്തരമായിട്ടാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ നാം ഓണത്തെ വരവേറ്റത്. 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന് പഠിച്ചുവളര്‍ന്ന നമുക്ക് ആഘോഷത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്താനും ഈ കാലയളവില്‍ കഴിഞ്ഞു എന്നത് വസ്തുതയാണ്.

സാമൂഹിക അകലം എന്ന ന്യൂ നോര്‍മല്‍ ജീവിതത്തിന്റെറ വേഗതയ്ക്ക് അല്‍പം കടിഞ്ഞാണ്‍ ഇട്ടെങ്കിലും, നമ്മിലേക്കുള്ള അകലം കുറയുന്നതിനും, സന്തോഷവും, സംതൃപ്തിയും, അപരന്റെ ജീവിതത്തോട് തുലനം ചെയ്യാതെ, തന്നില്‍ തന്നെ കണ്ടെത്തുന്നതിനും നമ്മെ പ്രാപ്തരാക്കുന്നുണ്ട്.

കോവിഡ് കാലത്തെ ഓണത്തെ കുറിച്ച് എഴുതുമ്പോള്‍ ഇന്നില്‍ നിന്ന് തികച്ചും വ്യതിരിക്തമായ പഴമയുടെ ഓണം എന്ന ആവശ്യകത ഉയരുന്നുണ്ട്. ഗൃഹാതുരതയുടെ നനുത്ത സ്പര്‍ശമായി ഓണത്തെ ചിത്രീകരിക്കാന്‍ ഓര്‍മ്മയില്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ല എന്നാണ് ആദ്യം തോന്നിയത്. അല്ലെങ്കില്‍ കാലത്തിനൊത്ത മാറ്റം ഒന്നും ഓണാഘോഷത്തില്‍ എന്നല്ല, ഈ 'ഠ' വട്ടത്തില്‍ ഉള്ള ജീവിതത്തിലും അതിന്റെ അനുഭവ പരിസരങ്ങളിലും ഉണ്ടായിട്ടില്ല എന്നു തന്നെ.

'കാലം'- നിമിഷാര്‍ദ്ധങ്ങളില്‍ നിന്നും പുരുഷാന്തരങ്ങളിലേക്കുള്ള പ്രയാണമാണ്. കാലത്തിന്റെ ഭാഗമായി ഇരിക്കുകയും അതിന്റെ ഒഴുക്ക് അനുഭവിക്കുകയും ചെയ്യുക എന്നത് പ്രായേണ സാധ്യമായ കാര്യമല്ല. എന്നാല്‍ ഒഴുക്കിന്റെ വേഗം കാലത്തെ, അതിന്റെ അതിദ്രുതം മാറുന്ന മാറ്റങ്ങളെ, നമുക്ക് അനുഭവവേദ്യമാക്കുന്നുണ്ട്.

എങ്കിലും മാറുന്നു എന്നല്ലാതെ മാറ്റങ്ങള്‍ എന്തെല്ലാം ആണ് എന്ന് ചിന്തിക്കാന്‍ നാം സമയം  കണ്ടെത്താറുണ്ടോ? ഇനി ചിന്തിച്ചാല്‍ തന്നെയും നമ്മുടെ ചിന്താ പദ്ധതിയില്‍ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ നമുക്ക് ആവുന്നുണ്ടോ? 'ഇല്ല' എന്ന് തന്നെയാണ് സംക്ഷിപ്തവും സത്യസന്ധവുമായ ഉത്തരം.

ഇനി നേരത്തെ പറഞ്ഞ  പഴമയുടെ ഓണം  ഒന്ന് വിവരിക്കട്ടെ- പഴമ എന്ന് പറയുമ്പോള്‍ വര്‍ഷങ്ങളുടെ കണക്കില്‍ അത്ര പിന്നോട്ടില്ല. 20 വര്‍ഷങ്ങള്‍ക്കപ്പുറം.

ഇലച്ചാര്‍ത്തുകളില്‍ നിന്നുതിര്‍ന്ന മഴത്തുള്ളികളില്‍ കുതിര്‍ന്ന കുഞ്ഞുകൈകള്‍ ഓര്‍മ്മയില്‍ തെളിയുന്നുണ്ട്. ഒരു നിമിഷം കൈത്തലം വിടര്‍ത്തി അതിലേക്ക് ഉറ്റു നോക്കാതിരിക്കാന്‍ ആയില്ല. ഇപ്പോഴും ആ നനവും, കുളിര്‍മയും, ഇറുക്കിപ്പിടിച്ച കൈകള്‍ക്കുള്ളില്‍ നാലുമണിപ്പൂവിന്റെ കുരുമുളകോളം വലുപ്പമുള്ള    വിത്തിന്റെ പരുപരുപ്പും. ഓര്‍മ്മകളെ എങ്ങനെയെല്ലാമാണ് മനുഷ്യ കോശങ്ങളുടെ ഉള്ളറകളില്‍ അടയാളപ്പെടുത്തുന്നത്!

അന്ന് നാലുമണിപൂവ് നേരത്തെ വിരിയുന്നില്ല എന്ന പരാതിയായിരുന്നു. ചിലപ്പോഴെല്ലാം തൊടിയിലെ വടക്കേയറ്റത്ത് അതിരിട്ടു നിന്നിരുന്ന ചെടികളോട് വാതോരാതെ പരിഭവം പറഞ്ഞിട്ടുമുണ്ട്. അടുത്ത ദിവസം രാവിലെ തന്നെ വിരിയണം എന്ന് ചട്ടംകെട്ടുകയും പൂ നുള്ളാന്‍ ചെല്ലുമ്പോള്‍ വാക്കു പാലിക്കാത്ത ചെടിയെ നോക്കി കണ്ണു നിറക്കുകയും ചെയ്തിട്ടുണ്ട്. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്ന് നാലുമണിപ്പൂക്കള്‍ മറുപടി പറഞ്ഞിട്ട് ഉണ്ടാവണം;ആര്‍ക്കറിയാം!

മാജിക് റോസ് എന്ന് കേട്ടിട്ടുണ്ടോ? ആളൊരു ഡിമാന്‍ഡുകാരിയാണ്. ചറപറാന്ന് ഒന്നും പൂക്കില്ല. ഒന്നോ, രണ്ടോ, വിരിഞ്ഞാലായി, അതും എത്താ കൊമ്പത്ത്. പൂക്കളത്തിന്റെ ഒത്ത നടുക്ക് തന്നെ സ്ഥാനം പിടിക്കും. സമയം, പോകെപ്പോകെ നിറം മാറി വരും; വെള്ളയില്‍ നിന്ന് ചുവപ്പിലേക്ക്. ഒരു മായാജാലക്കാരന്റെ കൈ അടക്കം പ്രകൃതി അനാവൃതം ആക്കുകയാണ്. അത്ഭുതങ്ങളിലേക്ക് കണ്ണ് തുറക്കുവാന്‍, ചിന്തിക്കുവാന്‍, അന്വേഷിക്കുവാന്‍ പഠിപ്പിക്കുകയാണ്.

ആറുമാസപ്പൂവ് എന്നൊന്നുണ്ട്. ആരും നട്ടുവളര്‍ത്തി കണ്ടിട്ടില്ല. ആരുടെയും കണ്ണെത്താത്ത വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ മഞ്ഞയും, ഓറഞ്ചും, ചുവപ്പും, ഇടകലര്‍ന്ന് കുലകുലയായി അങ്ങനെ പൂത്തുനില്‍ക്കും. ആറുമാസത്തിലൊരിക്കലേ പൂക്കൂ. അങ്ങനെ പൂക്കാന്‍ ഓണക്കാലം തന്നെ തിരഞ്ഞെടുത്തത് എന്തിനാണോ. ഇനിയിപ്പോ ഓണത്തിനല്ല വിരിയുന്നത് എങ്കില്‍ ഇങ്ങനെയൊരാള്‍  ഉള്ളത് എങ്ങനെ അറിയാനാ അല്ലേ.

മേല്‍ പറഞ്ഞവരാരും ഈ തൊടിയില്‍ ഇന്ന് ഇല്ല. എനിക്ക് വേണ്ടാത്തതെല്ലാം ഞാനെന്റെ വേലിക്ക് പുറത്താക്കി. കുറ്റം പറയരുതല്ലോ, എന്റെ അയല്‍ക്കാരനും അതുതന്നെ ചെയ്തു. ഒരു മതില്‍ക്കെട്ടിനപ്പുറം മറ്റൊരു മതില്‍ക്കെട്ട്. ഇടമില്ലാതായവര്‍ കാലത്തിനു കീഴടങ്ങി.

മുക്കുറ്റിക്കും, തുമ്പയ്ക്കും, കാക്കപൂവിനും ഒപ്പം ഞാറ്റുവേലയും കൈമോശം വന്നവരാണു നമ്മള്‍. തുടക്കത്തില്‍ പറഞ്ഞ പോലെ, ചെറിയ മാറ്റങ്ങള്‍, വളരെ ചെറിയ മാറ്റങ്ങള്‍; കാട്ടുചെടികള്‍ എന്ന് പറഞ്ഞ് പിഴുതെറിഞ്ഞതെല്ലാം നാട്ടുചെടികള്‍ ആയിരുന്നു എന്ന തിരിച്ചറിവില്‍ തുടങ്ങുന്ന ചെറിയ മാറ്റങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്. കാലം വലിയ മാറ്റങ്ങള്‍ സമ്മാനിക്കുമെന്ന അനുഭവ പാഠത്തിലൂടെ.

Follow Us:
Download App:
  • android
  • ios