ദില്ലി: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ദില്ലിയില്‍ നടക്കേണ്ട ഷൂട്ടിംഗ് ലോകകപ്പ് റദ്ദാക്കി. റൈഫിള്‍, പിസ്റ്റള്‍, ഹാന്‍ഡ് ഗണ്‍ വിഭാഗങ്ങളില്‍ മാര്‍ച്ച് 15ന്  തുടങ്ങേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് ഭീതിയെത്തുടര്‍ന്ന് മെയ് മാസത്തില്‍ രണ്ട് ഘട്ടമായി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് പൂര്‍ണമായും റദ്ദാക്കുകയാണെന്ന് ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ (ഐഎസ്എസ്എഫ്) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കൊവിഡ് രോഗം ഏറ്റവുമധികം ബാധിച്ചിട്ടുള്ള  ഇറ്റലിയ്ക്കും ഇറാനും പുറമെ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസ അപേക്ഷകള്‍ സര്‍ക്കാര്‍ നേരത്തെ തള്ളിയതിനെത്തുടര്‍ന്നാണ് ആദ്യം ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.     എന്നാല്‍ ഇതിനുശേഷം ഇറ്റലിയിലെയും ഇറാനിലും മറ്റ് ലോക രാജ്യങ്ങളിലെയും സ്ഥിതിഗതികള്‍ കൂടുതുല്‍ മോശമായ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍ഷിപ്പ് പൂര്‍ണമായും റദ്ദാക്കാന്‍ ഐഎസ്എസ്എഫും ദേശീയ റൈഫിള്‍ അസോസിയേഷനും നിര്‍ബന്ധിതരാവുകയായിരുന്നു.

മെയ് ആദ്യവാരം റൈഫിള്‍, പിസ്റ്റള്‍ വിഭാഗത്തിലും മെയ് അവസാനവാരം  ഷോട്ട് ഗണ്‍ വിഭാഗത്തിലും മത്സരങ്ങള്‍ നടത്താനാണ് ഐഎസ്എസ്എഫ് തീരുമാനിച്ചിരുന്നത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 16ന് ആരംഭിക്കേണ്ടിയിരുന്ന ഒളിംപിക്സ് ടെസ്റ്റ് മത്സരങ്ങളും നേരത്തെ മാറ്റിവെച്ചിരുന്നു.