റിയാദ്: 2018 ജൂൺ 24 മുതൽ ഇതുവരെയുള്ള കാലയളവിൽ 1,20,000 ലേറെ വനിതകള്‍ സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. വനിതകൾക്ക് വാഹനം ഓടിക്കാൻ അനുമതി ലഭിച്ച ശേഷം സൗദിയിൽ ജോലി ചെയ്തിരുന്ന വിദേശികളായ ഹൗസ് ഡ്രൈവർമാരുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് റിപ്പോർട്ട്. വനിതകൾക്ക് ലൈസൻസ് അനുവദിക്കാൻ തുടങ്ങിയ ശേഷം കഴിഞ്ഞ വർഷാവസാനം വരെ 181 വിദേശ വനിതകളാണ് പുതിയ ഹൗസ് ഡ്രൈവർ വിസയിൽ രാജ്യത്ത് എത്തിയത്.

ഈ വർഷം ആദ്യപാദത്തിൽ 459 വിദേശ വനിതകളും ഹൗസ് ഡ്രൈവർ വിസയിലെത്തി.
വനിതകൾക്ക് വാഹനം ഓടിക്കാൻ അനുമതി ലഭിച്ചതോടെ പുരുഷന്മാരായ നിരവധി ഹൗസ് ഡ്രൈവർമാരുടെ തൊഴിൽ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
13,08,693 വിദേശികൾ നിലവിൽ സൗദിയിൽ ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്നതായാണ് കണക്ക്. കഴിഞ്ഞ വർഷം ജൂണിലാണ് സൗദിയിൽ വനിതകൾക്കു
വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിൽ വന്നത്.