മസ്‌കറ്റ്: ഒമാനിലെ  മാവേല സെൻട്രൽ   മാർക്കറ്റിൽ   നിന്നും  തൊഴിൽ നിയമം  ലംഘിച്ച   282  വിദേശികൾ  അറസ്റ്റിലായി. രാജ്യത്തെ   തൊഴിൽ  കമ്പോളത്തിൽ  വേണ്ടത്ര  നിയന്ത്രണങ്ങൾ  കൊണ്ട് വരുന്നതിന്റെ ഭാഗമായിട്ടുള്ള   പരിശോധനക്കിടയിൽ ആണ് ഇവർ പിടിയിലായത് .  ഫ്രീ വിസ സമ്പ്രദായം രാജ്യത്ത്  അവസാനിപ്പിക്കാൻ  സർക്കാർ കർശന  നടപടികൾ  ആരംഭിച്ചു കഴിഞ്ഞതായും  അധികൃതർ അറിയിച്ചു.

പിടിയിലായവരിൽ   നൂറ്റി ആറു പേർ  തങ്ങളുടെ  തൊഴിലുടമയുടെ  പക്കൽ നിന്ന് ഒളിച്ചോടിയവരും , ബാക്കി 176  പേർ  തങ്ങളുടെ  റസിഡന്റ്  കാർഡിൽ രേഖപെടുത്തിയിട്ടുള്ള  തൊഴിലിൽ  നിന്നും വ്യത്യസ്തമായി ജോലി ചെയ്തിരുന്നവരും ആയിരുന്നു. ഈ വർഷം ജനുവരി മുതൽ  മാർച്ച്  മാസം  വരെയുള്ള കാലയളവിൽ  മാവേല സെൻട്രൽ  മാർക്കറ്റിൽ  നിന്നും  അന്വേഷണ സന്ഖത്തിന്റെ  പിടിയിലായവരാണ്  ഈ  282  വിദേശികൾ.

എയർ  കണ്ടീഷൻ  ടെക്‌നീഷ്യൻ,  ഗാർഹിക തൊഴിലാളി, മേസൻ, ആശാരി, പ്ലംബർ  എന്നി തൊഴിലുകൾ  ആണ് മവേല പച്ചക്കറി സെൻട്രൽ മാർക്കറ്റിൽ നിന്നും പിടിക്കപെട്ടവരുടെ റസിഡന്റ് കാർഡുകളിൽ   രേഖപ്പെടുത്തിയിരുന്നത്. കൂടാതെ വിവിധ കാർ  വാഷിങ് കേന്ദ്രങ്ങളിൽ നിന്നായി 45ലേറെ പേരെയും  മാർച്ച് മാസത്തിൽ  തൊഴിൽ നിയമം ലംഘിച്ചതിനു  അറസ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ  കർശന പരിശോധനകൾ  തുടർന്ന് വരികയാണ് .

ഈ കാലയളവിൽ ഇതിനകം രാജ്യത്ത്  തൊഴിൽ നിയമം ലംഘിച്ച 220  ഓളം വിദേശികളെ കരിമ്പട്ടികയിൽ ഉൾപെടുത്തി  നാട് കടത്തിക്കഴിഞ്ഞതായും   മാനവശേഷി മന്ത്രാലയം വ്യക്തമാക്കി.