അബുദാബി: ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പൊലീസ്. 2019 ഡിസംബര്‍ 22ന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഫൈനുകള്‍ക്കാണ് ഇളവ്. വാഹനങ്ങള്‍ പിടിച്ചെടുത്ത നടപടികളും ബ്ലാക്ക് പോയിന്റുകളും റദ്ദാക്കുകയും ചെയ്യും. മൂന്ന് മാസത്തേക്ക് ഈ ആനൂകൂല്യം ലഭിക്കും.

പിഴയിലെ ഇളവിന് പുറമേ നേരത്തെ പിഴ തുക അടയ്ക്കുന്നവര്‍ക്കായി മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് 60 ദിവസത്തിനകം പിഴ അടയ്ക്കുകയാണെങ്കില്‍ 35 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഡിസംബര്‍ 22ന് ശേഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന നിയമലംഘനങ്ങള്‍ക്കായിരിക്കും ഈ ആനുകൂല്യം. വാഹനങ്ങള്‍ പിടിച്ചെടുക്കാതിരിക്കാന്‍ അടയ്ക്കേണ്ട തുകയ്ക്കും ലേറ്റ് ഫൈന്‍ പേയ്‍മെന്റുകള്‍ക്കും ഈ ഇളവ് ലഭിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

എന്നാല്‍ 60 ദിവസത്തിന് ശേഷം ആ വര്‍ഷം തന്ന പിഴ അടയ്ക്കുമെങ്കില്‍ 25 ശതമാനം ഇളവായിരിക്കും ലഭിക്കുക. എന്നാല്‍ ഇതില്‍ ലേറ്റ് ഫീസുകളോ വാഹനം പിടിച്ചെടുക്കാതിരിക്കാന്‍ നല്‍കേണ്ട തുകയോ ഉള്‍പ്പെടുകയില്ല. ഒരു വര്‍ഷത്തിന് ശേഷമാണ് ഫൈന്‍ അടയ്ക്കുന്നതെങ്കില്‍ ഇളവുകളൊന്നും ലഭിക്കുകയില്ല. 'അപകടകരമായ' നിയമലംഘനങ്ങള്‍ ഒഴികെയുള്ള എല്ലാ ട്രാഫിക് ഫൈനുകള്‍ക്കും ഇപ്പോഴത്തെ ഇളവുകള്‍ ബാധകമാവും.