മസ്‍കത്ത്: തക്കാളികള്‍ മുറിക്കുമ്പോള്‍ വെള്ള നിറത്തിലുള്ള ഭാഗങ്ങള്‍ കാണപ്പെടുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നതിനിടെ വിശദീകരണവുമായി ഒമാന്‍ അധികൃതര്‍. ഇത്തരം തക്കാറികളില്‍ ഹോര്‍മോണ്‍ പ്രയോഗം നടത്തിയതാണെന്നും അവ ഉപയോഗിക്കരുതെന്നും പറഞ്ഞാണ് പല തരത്തിലുള്ള സന്ദേശങ്ങള്‍ രാജ്യത്ത് ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്നത്.

എന്നാല്‍ തക്കാളികളില്‍ ഇത്തരത്തിലുള്ള നിറവ്യത്യാസം വരുന്നത് അന്തരീക്ഷ താപനിലയിലെ മാറ്റം കൊണ്ട് മാത്രമാണെന്നാണ് അഗ്രികള്‍ച്ചര്‍ ആന്റ് ഫിഷറീസ് മന്ത്രാലയം അറിയിച്ചത്. ചെടികളില്‍ സാധാരണ നടക്കുന്ന ഒരു പ്രതിഭാസം മാത്രമാണിതെന്നും കീടനാശികളുടെയോ ഹോര്‍മോണുകളുടെയോ ഉപയോഗം കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഇത്തരം തക്കാളികള്‍ പൂര്‍ണമായും ഭക്ഷ്യയോഗ്യമാണ്. ഇവ കഴിക്കുന്നതുകൊണ്ട് ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവില്ല. വേണമെങ്കില്‍ ഈ വെള്ള നിറത്തിലുള്ള ഭാഗം നീക്കിയ ശേഷവും ഉപയോഗിക്കാം. രാത്രിയും പകലും അന്തരീക്ഷ താവനിലയില്‍ വലിയ മാറ്റം വരുന്നതാണ് ഈ സീസണില്‍ തക്കാളികളില്‍ ഇത്തരത്തിലുള്ള നിറവ്യത്യാസമുണ്ടാകാന്‍ പ്രധാന കാരണം. നൈട്രജന്‍ ചേര്‍ന്ന വളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ടും ഇത്തരമൊരു അവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതര്‍ അറിയിച്ചു. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ മന്ത്രാലയവുമായി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.