റിയാദ്: സൗദി അറേബ്യയില്‍ ജോലി നേടുന്നതിനായി വിദേശി എഞ്ചിനീയര്‍മാര്‍ സമര്‍പ്പിച്ച 2799  വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‍സ് നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചറിഞ്ഞതെന്ന് സെക്രട്ടറി ജനറല്‍ എഞ്ചി. ഫര്‍ഹാന്‍ അല്‍ ശമ്മരി പറഞ്ഞു.

രാജ്യത്തെ എഞ്ചിനീയറിങ് അടക്കമുള്ള സാങ്കേതിക രംഗങ്ങളില്‍ ജോലി ചെയ്യുന്ന വ്യാജന്മാരെയും നിയമലംഘകരെയും കണ്ടെത്താനുള്ള പരിശോധന കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‍സിന്റെ നേതൃത്വത്തില്‍ നടത്തിവരികയാണ്. മതിയായ യോഗ്യതകളില്ലാത്തവര്‍ ഈ രംഗങ്ങളില്‍ ജോലി ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വ്യാജന്മാരെ പിടികൂടുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയ ശേഷം അവരുടെ പേര് വിവരങ്ങള്‍ അതത് വ്യക്തികള്‍ നിലവില്‍ ജോലി ചെയ്യുന്ന വകുപ്പുകളെ അറിയിച്ച് ഇവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.