ദുബായ്: മസ്തിഷ്ക മരണം സംഭവിച്ച  ആറുവയസ്സുകാരി ദേവി ശ്രീയുടെ അവയവങ്ങള്‍ മൂന്ന് പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. അബുദാബിയില്‍ വച്ചായിരുന്നു കീര്‍ത്തിയുടെയും അരുണിന്‍റെയും മകളായ ദേവിശ്രീ മരിച്ചത്. ആറാം ജന്മദിനത്തിന്‍റെ അന്ന് അസുഖം മൂര്‍ച്ഛിച്ച് ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സെന്‍ററില്‍  എത്തിച്ചെങ്കിലും അവിടെവച്ച് ദേവി ശ്രീ മരിക്കുകയായിരുന്നു. ഇതോടെ അവയവദാനത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ ചോദിച്ചു. മകള്‍ കാരണം മറ്റുള്ളവര്‍ക്ക് ജീവന്‍ ലഭിക്കുമെന്നറിഞ്ഞതോടെ ആ അച്ഛനും അമ്മയും അതിന് സമ്മതം നല്‍കി. 

അബുദാബിയില്‍ തന്നെയുള്ള രണ്ട് പേര്‍ക്കും ഒരു മലയാളി ബാലനുമാണ് അവയവങ്ങള്‍ നല്‍കിയത്. റാസല്‍ ഖൈമയില്‍ ഡോക്ടറായ കോഴഞ്ചേരി മലയാറ്റ് ദീപക് ജോണ്‍ ജേക്കബിന്‍റെയും കോട്ടയം ഈരക്കടവ് മാടവന വീട്ടില്‍ ഡോ ജിവ്യ സേറ എബ്രഹാമിന്‍റെയും മകനായ ഏഴുവയസ്സുകാരന്‍ ആദമിനാണ് ദേവിശ്രീയുടെ വൃക്ക നല്‍കിയത്. ഒമ്പതാം മാസം മുതല്‍ വൃക്ക രോഗ ബാധിതനായിരുന്നു ആദം. 

കഴിഞ്ഞ ദിവസം ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റിയില്‍ വച്ച് ആദമിനെകണ്ടപ്പോള്‍ ദേവിശ്രീയുടെ അമ്മ കീര്‍ത്തിക്ക് കണ്ണുനീര് അടക്കാനായില്ല. ''എനിക്ക് അറിയാം എന്‍റെ ശരീരത്തില്‍ ഒരു കുഞ്ഞുവാവയുണ്ടെന്ന്. അത് ദേവിശ്രീയുടെ വൃക്കയാണ്'' - തന്നെ കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മ വച്ച്  ആദം പറഞ്ഞത് കേട്ടപ്പോള്‍ ഒരേസമയം സന്തോഷവും സങ്കടവും വന്നു കീര്‍ത്തിക്ക്. 

വളരെ പക്വതയോടെയാണ് ആദം സംസാരിച്ചതെന്നും അത് അത്ഭുതപ്പെടുത്തിയെന്നും ദേവിശ്രീയുടെ അച്ഛന്‍ അരുണ്‍ പറഞ്ഞു. അബുദാബിയിലെ യുഎഇ എക്സ്ചേഞ്ചില്‍ ഐടി ഉദ്യോഗസ്ഥനായ അരുണിന്‍റെയും കീര്‍ത്തിയുടെയും ഏകമകളായിരുന്നു ദേവിശ്രീ. കഴിഞ്ഞ വര്‍ഷം ആദ്യമാണ് രോഗലക്ഷണം കണ്ടത്. ജൂലൈ ഒന്നിന് ആറാം പിറന്നാളിന് വൈകീട്ടോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. ജൂലൈ 15 ന് ആദമിന്‍റെ ശസ്ത്രക്രിയ നടത്തി.

ആദമിനെ കൂടാതെ അബുദാബിയിലെ തന്നെ ഒരു കുട്ടിക്കും മുതിര്‍ന്ന ഒരാള്‍ക്കും വൃക്കയും കരളും നല്‍കിയി. ഇതില്‍ ആദമിനെ മാത്രമാണ് കീര്‍ത്തിയും അരുണും കണ്ടത്. ദേവിശ്രീയെ പ്രവേശിപ്പിച്ച ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സെന്‍ററില്‍ കുട്ടിയുടെ ചിത്രവും വിവരണവും അധികൃതര്‍ പ്രദര്‍ശിപ്പിച്ചുണ്ട്. അവയവദാനത്തിന്‍റെ മഹത്വം മനസ്സിലാക്കിയ കുടുംബത്തോടുള്ള ആദര സൂചകമായാണ് ഇത്.