റിയാദ്: ഗർഭിണികളും രോഗികളുമായ നിരവധി മലയാളികൾ നാട്ടിൽ പോകാൻ കഴിയാതെ സൗദിയിൽ കുടുങ്ങിക്കിടക്കുന്നു. നജ്‌റാനിലും മദീനയിലും ഉൾപ്പെടെ വിവിധ പ്രവിശ്യകളിൽ നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നത് ഗർഭിണികളായ നിരവധി മലയാളി നേഴ്‌സുമാരാണ്. രണ്ടു മാസമായി ജോലി നഷ്ടപ്പെട്ടവർ ഉൾപ്പെടെ നിരവധി ഗർഭിണികളായ മലയാളി നേഴ്‌സുമാരാണ് നാട്ടിൽ പോകാനായി അധികൃതരുടെ അനുകമ്പക്കായി കാത്തിരിക്കുന്നത്.
 
ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ പ്രധാന നഗരങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ മാത്രമാണ് നാട്ടിലേക്ക് കൊണ്ടുപോകാൻ എംബസി പരിഗണിച്ചത്. എന്നാൽ സൗദിയുടെ വിദൂര ഗ്രാമങ്ങളിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നത് ഗർഭിണികളായ നിരവധി മലയാളി നേഴ്‌സുമാരാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയ അഞ്ചു വിമാന സർവീസുകളിലായി 764 പേരെ മാത്രമാണ് നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.

ആദ്യ ഘട്ടത്തിലെ അവസാന വിമാനത്തിൽ ഇന്ന് 152 പേരാണ് ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് പോയത്. എന്നാൽ എംബസിയിൽ നാട്ടിലേക്കു മടങ്ങാൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് എഴുപതിനായിരത്തിലധികം പ്രവാസികളാണ്. ഗർഭിണികൾ മാത്രം 7500ൽ അധികമാണ്. ഇതിൽ ബഹുഭൂരിപക്ഷവും മലയാളികളാണ്.