റിയാദ്: സൗദി അറേബ്യയിൽ സേവന-വേതന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന തൊഴിൽ കരാറുകൾ അടുത്തവർഷം മുതൽ ഓൺലൈനിലാകും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ തർക്കങ്ങൾ കുറയ്ക്കാനും ഇതിലൂടെ കഴിയും. കരാറിന്‍റെ വിശദാംശങ്ങൾ തൊഴിലുടമയ്ക്കും തൊഴിലാളിക്കും മറ്റുള്ളവർക്കും ഏറ്റവും സൗകര്യപ്രദമായ രീതിയിലേക്കാണ് മാറ്റം വരുന്നത്.

ഈ സുതാര്യത തർക്കങ്ങൾ ഉണ്ടാവാതിരിക്കാനും പ്രശ്നങ്ങൾക്ക് എളുപ്പം പരിഹാരിക്കാനും സഹായിക്കും. തർക്കങ്ങളിൽ കോടതികൾക്കും മറ്റ് നിയമസ്ഥാപനങ്ങൾക്കും വേഗത്തിൽ തീർപ്പിലെത്താനും കഴിയും. തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവും നിയമപരമായ ഉറപ്പുമുണ്ടാകും.

സൗദി അറേബ്യൻ ജനറൽ ഇൻഷുറൻസ് (ഗോസി) പോർട്ടലിലാണ് കരാറുകൾ രജിസ്റ്റർ ചെയ്യേണ്ടത്. പിന്നീട് ഇതേ സൈറ്റ് പരിശോധിച്ചാൽ കരാറിന്‍റെ മുഴുവൻ രൂപവും ഏത് സമയത്തും കാണാനാവും. നിലവിലുള്ള കരാറുകൾ എല്ലാം ഓൺലൈനിലാക്കുന്ന നടപടി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു.

സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളെയും തൊഴിലുടമകളെയും തങ്ങളുടെ തൊഴിലാളികളുമായുള്ള കരാറുകൾ ഗോസി പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനും ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്നതിനും പ്രേരിപ്പിക്കും. അതിനുള്ള നിർദേശം നൽകി കഴിഞ്ഞെന്നും മന്ത്രി അഹമ്മദ് അൽരാജ്ഹി പറഞ്ഞു. പുതുതായി രാജ്യത്തേക്ക് വരുന്ന വിദേശതൊഴിലാളികളുടെയെല്ലാം കരാറുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യപ്പെടും. അങ്ങനെ ചെയ്തില്ലെങ്കിൽ സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും റിക്രൂട്ട്മെന്‍റ് നടത്താനാവില്ല.