മസ്കറ്റ്: ഒമാൻ ആരോഗ്യമന്ത്രാലയം സ്വദേശിവൽക്കരണം ശക്തമാക്കുന്നു. സ്വദേശിവൽക്കരണ തോത് 71 ശതമാനം    എത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഇതുമൂലം മലയാളികൾ ഉള്‍പ്പടെ നിരവധി വിദേശികൾക്കാണ് തൊഴിൽ നഷ്ടമാകുന്നത്.

ഒമാനിലെ വിവിധ സർവകലാശാലകളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി സ്വദേശി വിദ്യാർത്ഥികൾ ആണ്  വ്യത്യസ്ത മെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കി രാജ്യത്തെ തൊഴിലിടങ്ങളില്‍ എത്തുന്നത്. സുൽത്താൻ ഖാബൂസ് സർവകലാശാലക്ക് കീഴിലുള്ള കോളജസ് ഓഫ് മെഡിസിൻ ആൻഡ് നഴ്സിംഗിൽ നിന്ന് നിരവധി സ്വദേശികൾ ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം.

ഇവർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനാണ് സർക്കാർ വിദേശികളെ ഈ മേഖലയിൽ നിന്നും ഒഴിവാക്കുന്നത്. എക്‌സ് റേ ടെക്‌നീഷ്യൻ, സ്പീച്ച് തെറാപിസ്റ്റ്, ന്യുട്രീഷനിസ്റ്റ് എന്നി തസ്തികകൾ നൂറു ശതമാനം സ്വദേശിവത്കരിക്കുവാൻ  ഈ വർഷമാദ്യം തന്നെ മന്ത്രാലയം തീരുമാനിച്ചിരിന്നു. ആയതിനാൽ  തസ്തികകളിലെ  പുതിയ  നിയമനത്തിനായി   ആരോഗ്യ മന്ത്രാലയം സ്വദേശികളിൽ നിന്ന് മാത്രമായി അപേക്ഷകൾ ക്ഷണിച്ചു വരികയാണ്.

ഫർമസിസ്റ്റ് തസ്തികയിൽ ബിരുദധാരികളായ വിദേശികളുടെ വിസകൾ മാത്രമേ മന്ത്രാലയം ഇപ്പോൾ പുതുക്കി നൽകുന്നുള്ളു. 2018 അവസാനത്തിലെ കണക്കനുസരിച്ച് 39,903 സ്വദേശികളാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെത്തില്‍ ജോലിചെയ്യുന്നത്. ആകെ ജീവനക്കാരുടെ 71 ശതമാനം വരുമിത്.

2015 മുതൽ 2019 ജൂൺ വരെ വിദേശികൾക്കു പകരം 2,869 സ്വദേശികൾക്കാണ് മന്ത്രാലയത്തിലെ വിവിധ തസ്തികകളിൽ തൊഴിൽ നൽകിയത്. മലയാളികൾ ഉള്‍പ്പടെയുള്ള വിദേശികൾക്ക് തൊഴിൽ നഷ്ടമാകുന്നതോടൊപ്പം വിദേശികൾക്ക് ഈ മേഖലയിൽ ഇപ്പോൾ അവസരങ്ങൾ ക്രമേണ കുറയുകയും ചെയ്യുന്നു.