Asianet News MalayalamAsianet News Malayalam

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസംവിധാനം പൂര്‍ണമായും ജനാധിപത്യ രീതിയിലാക്കണം; പ്രതിഷേധവുമായി രക്ഷിതാക്കള്‍

രക്ഷിതാക്കളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഭരണ സംവിധാനം നിലവില്‍ വരുവാന്‍ ഒമാനിലെ ഇന്ത്യന്‍ സമൂഹം പിന്നീട് അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. സ്‌കൂള്‍ പ്രമോട്ടര്‍മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഭരണഘടനയില്‍ വ്യതിയാനങ്ങള്‍ വരുത്തി പല തവണ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചു അംഗീകാരം ലഭിക്കുന്നത്തിന് എടുത്ത കാലതാമസമാണ് അതിന് കാരണമായത്.

parents protests to make Oman Indian school administration   democratic way
Author
Muscat, First Published Jul 22, 2022, 7:15 PM IST

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസംവിധാനം പൂര്‍ണമായും ജനാധിപത്യ രീതിയിലാക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ പ്രതിഷേധത്തില്‍. ഒമാനിലെ മുഴുവന്‍ ഇന്റര്‍നാഷണല്‍ കമ്മ്യൂണിറ്റി സ്‌കൂളുകളുടെയും ഭരണസംവിധാനം പൂര്‍ണമായും രക്ഷിതാക്കളെ ഏല്‍പ്പിക്കാന്‍ ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം 2006-ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. രാജ്യത്തുള്ള എല്ലാ കമ്മ്യൂണിറ്റി സ്‌കൂളുകള്‍ക്കും മന്ത്രാലയത്തിന്റെ വിജ്ഞാപന നിര്‍ദ്ദേശം ലഭിക്കുകയും, അതാതു സ്‌കൂളുകളില്‍ ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയ തീരുമാനം പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് 30,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തി വന്നിരുന്ന ഒമാനിലെ  ഇന്ത്യന്‍ സ്‌കൂളുകള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു കാരണങ്ങള്‍ നിരത്തി തിരഞ്ഞെടുപ്പിലൂടെയുള്ള ഭരണ സംവിധാനം വൈകിപ്പിച്ചു കൊണ്ടേയിരുന്നു.

രക്ഷിതാക്കളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഭരണ സംവിധാനം നിലവില്‍ വരുവാന്‍ ഒമാനിലെ ഇന്ത്യന്‍ സമൂഹം പിന്നീട് അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. സ്‌കൂള്‍ പ്രമോട്ടര്‍മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഭരണഘടനയില്‍ വ്യതിയാനങ്ങള്‍ വരുത്തി പല തവണ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചു അംഗീകാരം ലഭിക്കുന്നത്തിന് എടുത്ത കാലതാമസമാണ് അതിന് കാരണമായത്.

2011ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 15 അംഗ ബോര്‍ഡിലേക്ക് രക്ഷാകര്‍ത്താക്കളുടെ ഭാഗത്ത് നിന്നും  അഞ്ച് പേര്‍ക്ക് മാത്രമായിരുന്നു മത്സരിക്കുവാന്‍ അനുവാദം ലഭിച്ചിരുന്നത്. ഈ തീരുമാനം ഒരു തരത്തിലും  ജനാധിപത്യ രീതി അല്ല എന്ന രക്ഷിതാക്കളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വരും വര്‍ഷങ്ങളില്‍ ഭരണഘടനയില്‍ പൂര്‍ണമായും  മാറ്റങ്ങള്‍ ഉണ്ടാകുമെന്നു അന്നത്തെ ഇന്ത്യന്‍ സ്ഥാനപതി അനില്‍ വാദ്വയുടെ ഉറപ്പിന്‍മേല്‍ ആദ്യ തിരഞ്ഞെടുപ്പിന് രക്ഷകര്‍ത്താക്കള്‍  തയ്യാറാകുകയായിരുന്നു.

ആദ്യ ബോര്‍ഡ് തിരഞ്ഞെടുപ്പ് 2011  മാര്‍ച്ച 25  വെള്ളിയാഴ്ച നടക്കുകയുണ്ടായി. മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും അഞ്ച് രക്ഷാകര്‍ത്താക്കളാണ് ആണ് ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തത്. അലക്സാണ്ടര്‍ ടോണി ജോര്‍ജ്, സുബ്രഹ്മണ്യന്‍ മുത്തുകുമാര്‍, മുക്കവറുകണ്ടി അംബുജാക്ഷന്‍, മൈക്കിള്‍ അരുള്‍, സി.കെ.അഞ്ചന്‍ എന്നിവരായിരുന്നു ആദ്യമായി  തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേര്‍. അലക്സാണ്ടര്‍ ടോണി ജോര്‍ജ് ആദ്യ ചെയര്‍മാന്‍ ആകുകയും ചെയ്തു.

ആദ്യ തിരഞ്ഞെടുപ്പില്‍ 14 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. പതിനൊന്ന് വര്‍ഷം കഴിഞ്ഞു, അഞ്ച്  തവണ ബോര്‍ഡിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഭരണഘടനയില്‍ ഒരു വ്യതിയാനവും വരുത്താതെ പതിനഞ്ച് അംഗ ബോര്‍ഡില്‍ രക്ഷകര്‍ത്താക്കളുടെ ഭാഗത്ത് നിന്നും  തെരഞ്ഞെടുക്കുന്ന അഞ്ചു പേര്‍ക്ക് മാത്രമാണ് ഇന്നും അവസരം ലഭിക്കുന്നുള്ളൂ.

40,000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഒമാനിലെ 21 ഇന്ത്യന്‍ കമ്യുണിറ്റി സ്‌കൂളുകളിലായി അദ്ധ്യായനം നടത്തി വരുന്നത്. ഇത്രയും വലിയ ഒരു രക്ഷാകര്‍ത്താക്കള്‍ അടങ്ങുന്ന ഒരു സമൂഹത്തെ നോക്കുകുത്തിയായി നിര്‍ത്തി എല്ലാ ജനാതിപത്യ മര്യാദകളും കാറ്റില്‍ പറത്തി വര്‍ഷങ്ങള്‍ ആയി തുടരുന്ന ഈ ഭരണ സംവിധാനം അവസാനിപ്പിക്കണമെന്നാണ് ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ തന്നെ ആവശ്യം.  
ഇതിനെതിരെയാണ്  രക്ഷകര്‍ത്താക്കള്‍ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
 
ഒമാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സമൂഹത്തിനു അനുവദിച്ചു തന്നിട്ടുള്ള സ്‌കൂളുകളിലെ ജനാധിപത്യ  ഭരണസംവിധാനം പ്രമോട്ടര്‍മാരുടെ താല്പര്യം സംരക്ഷിക്കുവാന്‍ വേണ്ടി ബലി കഴിക്കുവാന്‍ ഇനിയും തയ്യാറല്ല എന്നാണ് രക്ഷാകര്‍ത്താക്കളുടെ  നിലപാട്. പ്രതിഷേധ പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റില്‍ കഴിഞ്ഞ ദിവസം രക്ഷകര്‍ത്താക്കള്‍ നിവേദനം നല്‍കുകയുണ്ടായി.

ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയ നിര്‍ദ്ദേശ പ്രകാരം നിലവിലെ പതിനഞ്ചംഗ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിലേക്ക് രക്ഷിതാക്കളുടെ പ്രതിനിധികളായി അഞ്ചിന്  പകരം പത്തുപേരെ ഉള്‍പ്പെടുത്താന്‍  കഴിയും. ഈ തീരുമാനം പുനഃപരിശോധിച്ച് പത്തുപേരെ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കാന്‍   സ്‌കൂള്‍ ഭരണഘടനയില്‍  ആവശ്യമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷാകര്‍ത്താക്കള്‍  നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.

ഒമാനിലെ  എല്ലാ ഇന്ത്യന്‍  സ്‌കൂളുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പൂര്‍ണമായും ഒരു ജനാതിപത്യ രീതിയിലുള്ള ഒരു ഭരണ സംവിധാനമാണ് രക്ഷാകര്‍ത്താക്കള്‍  ആഗ്രഹിക്കുന്നതെന്നും  നിവേദനത്തില്‍ ആവശ്യപെട്ടിട്ടുണ്ട്. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം സ്‌കൂള്‍ ഭരണ സംവിധാനം നീങ്ങുകയാണെങ്കില്‍  കൂടുതല്‍ രക്ഷാകര്‍ത്തകള്‍ക്കും സ്‌കൂളുകള്‍ക്കും ഭരണ സമിതിയില്‍ പ്രാതിനിധ്യം ലഭിക്കുന്ന അവസ്ഥയുണ്ടാകും. ഈ നിലപാടിനോട്  ബോര്‍ഡ് ഇപ്പോഴും  മുഖം തിരിച്ചു നില്‍ക്കുകയാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

നോമിനേഷനിലൂടെ അംഗങ്ങളെ  കുത്തിക്കയറ്റി ബോര്‍ഡിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുവാനാണ്  നിലവിലുള്ള ബോര്‍ഡ് ശ്രമിക്കുന്നത്.  കമ്യുണിറ്റി  സ്‌കൂളുകള്‍ നിലനില്‍ക്കുക എന്നത് സാധാരണക്കാരായ ജനങ്ങളുടെ ആവശ്യമാണ്. അത് ഇല്ലാതാക്കാനുള്ള  ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും രക്ഷിതാക്കള്‍ ഓര്‍മിപ്പിച്ചു.

പ്രൊമോട്ടര്‍ എന്നത് രണ്ടു സ്‌കൂള്‍  മാനേജുമെന്റുകള്‍ മാത്രമാണ് ഒമാനില്‍ നിലവിലുള്ളത്. അവര്‍ക്ക്  ബോര്‍ഡിലേക്ക് രണ്ടു അംഗങ്ങള്‍ വീതമാണ് ഉള്ളത്. അതായത് പ്രൊമോട്ടര്മാര്ക്ക് മാത്രം  പതിനഞ്ചില്‍ നാലും, എംബസ്സിക്ക് മൂന്നും, അങ്ങനെ രക്ഷാകര്‍ത്തകള്‍ക്കു ലഭിക്കേണ്ട അധിക ഏഴ് സ്ഥാനങ്ങളും  നോമിനേഷനിലൂടെ നഷ്ടപ്പെടുകയാണ്. സ്‌കൂള്‍ ഭരണഘടനയില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തി  പൂര്‍ണമായും രക്ഷാകര്‍ത്തകള്‍ക്കു സ്‌കൂള്‍ ഭരണം നടത്തുവാന്‍  അവസരം ഉണ്ടാകണം.അതും ഒമാനിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു തെരെഞ്ഞെടുപ്പ് പ്രക്രിയ ഉണ്ടാവണം.

തെരഞ്ഞെടുപ്പിലൂടെ 2011 ഇല്‍  അധികാരത്തില്‍ വന്ന ബോര്‍ഡിന്  ശേഷം 2014ലും 2016 ലും രണ്ടു തവണ  വില്‍സണ്‍ ജോര്‍ജിന്റെ നേതൃത്വത്തിലും, 2018 ല്‍  ബേബി സാം സാമുവേലിന്റെ അദ്ധ്യക്ഷയിലും 2020 ല്‍  ശിവകുമാര്‍ മാണിക്യത്തിന്റെ നേതൃത്വത്തിലും സ്‌കൂള്‍ ബോര്‍ഡ് ഭരണം നടന്നുവെങ്കിലും രക്ഷകര്തതാക്കളുടെ പ്രാധിനിത്യം  വര്‍ദ്ധിപ്പിക്കുവാന്‍  സാധിച്ചിട്ടില്ല എന്നത് തന്നെ സ്‌കൂള്‍ ഭരണത്തില്‍  രക്ഷാകര്‍ത്താക്കള്‍ക്കുള്ള സ്വാധീന കുറവ് ആണ് ചൂണ്ടി കാട്ടുന്നത്. അതിനുപകരം പ്രൊമോട്ടേഴ്‌സ് സ്‌കൂളിന്റെ പ്രതിനിധികള്‍ കഴിഞ്ഞ പതിനൊന്നു കൊല്ലമായി ഒരു മാറ്റവുമില്ലാതെ ബോര്‍ഡില്‍ അഭംഗുരം തുടരുന്നു എന്നതും  സ്‌കൂള്‍ ഭരണസമിതിയുടെ ചരിത്രം പഠിച്ചാല്‍ മനസിലാകും.

ഇതിനെല്ലാം ഒരു മാറ്റം അനിവാര്യമാണെന്നാണ് ഇപ്പോള്‍ രക്ഷകര്‍ത്താക്കളുടെ ആവശ്യം. ജനാധിപത്യ രീതിയില്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസംവിധാനം മാറുന്നില്ലായെങ്കില്‍ ഒമാനിലെ നിയമങ്ങള്‍ക്കു വിധേയമായികൊണ്ടുള്ള എല്ലാ പ്രതിഷേധ മാര്‍ഗങ്ങളും സ്വീകരിച്ചു മുന്നോട്ടു പോകുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു.

സ്‌കൂള്‍ ബോര്‍ഡില്‍ നിവേദനം സമര്‍പ്പിച്ച ശേഷം രക്ഷാകര്‍ത്താക്കളായ  മനോജ് പെരിങ്ങത്, വിജയന്‍.കെ.എന്‍, സുഗതന്‍ എന്നിവര്‍  മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്യുകയുണ്ടായി. വിവിധ തസ്തികളിലായി അദ്ധ്യാപകര്‍ ഉള്‍പ്പെടെ 2000ത്തോളം ജീവനക്കാരും ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ ജോലി ചെയ്തും വരുന്നു.

Follow Us:
Download App:
  • android
  • ios