റിയാദ്: സൗദിയിൽ കൂടുതൽ പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് സൗദിയിലെ കോവിഡ് ബാധിതരുടെ എണ്ണം 2370 ആണ്. 191 പേര്‍ക്കാണ് ഇന്നലെ രാത്രി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി.

ഇന്നലെ വൈകുന്നേരം 140 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതിനു ശേഷം രാത്രി വൈകിയാണ് 191 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യം മന്ത്രാലയം അറിയിച്ചത്.  ഇതോടെ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി. റിയാദിലാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത്.  646 പേർക്കാണ് റിയാദിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

റിയാദിൽ 44 പേർക്കും ജിദ്ദയിൽ 32 പേർക്കും ഖത്തീഫിൽ 8 പേർക്കും അൽ കോബാറിൽ 6 പേർക്കും ഇന്നലെ രാത്രി രോഗം സ്ഥിരീകരിച്ചു. തായിഫിൽ നാലും മദീന, ഖമീസ് മുശൈത് എന്നിവിടങ്ങളിൽ മൂന്ന്, ഹഫൂഫിൽ രണ്ടു എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിൽ രോഗം സ്ഥിരീകരിച്ചത്.  ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2370 ആയി ഉയർന്നു.