റിയാദ്: ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവിസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും നിർത്തിവെച്ചു. എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന സർവിസുകൾ മാത്രം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

നിലവിൽ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചുപോകാൻ അനുവദിക്കും. ഈ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടാം. കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും. ഇതും വീണ്ടും ഒരാഴ്ച കൂടി നീട്ടിയേക്കാം. ഡിസംബർ എട്ട് മുതൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ, പുതിയ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യത്തു നിന്നോ സൗദിയിലെത്തിയവർ രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ഹോം ക്വാറൻറീനിൽ കഴിയണം. 

ക്വാറൻറീൻ കാലയളവിൽ കൊവിഡ് പരിശോധന നടത്തണം. ഒരോ അഞ്ച് ദിവസത്തിലും പരിശോധന ആവർത്തിക്കണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവർ അല്ലെങ്കിൽ പകർച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിലൂടെ കടന്നുപോയവർ കൊവിഡ് പരിശോധന നടത്തണം. എന്നാൽ പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് ഗാതഗതത്തെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.