റിയാദ്: സൗദിയിലെ ചില്ലറ വിപണന സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തെ സാവകാശത്തോടെയായിരിക്കും ഇത് നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാ രംഗത്തും സ്വദേശികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഊര്‍ജിത സ്വദേശിവത്കരണമാണ് തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്നത്. ഇതിന് പുറമെ ബിനാമി ബിസിനസ് നിയന്ത്രിക്കുക കൂടി ലക്ഷ്യമിട്ടാണ് ചില്ലറ വിപണന രംഗത്തെ സ്വദേശിവത്കരണം. ഈ രംഗത്ത് നിക്ഷേപം നടത്താന്‍ സ്വദേശികളെ പ്രാപ്തരാക്കുന്നതിനായുള്ള പരിശീലന പരിപാടികള്‍ അടക്കമുള്ളവ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. ഇങ്ങനെ പുതിയതായി കടന്നുവരുന്നവര്‍ക്ക് എല്ലാ അനുമതികളും 30 ദിവസത്തിനുള്ളില്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ രണ്ട് വര്‍ഷത്തെ സാവകാശം നല്‍കിക്കൊണ്ടായിരിക്കും ചില്ലറ വിപണന രംഗത്ത് സ്വദേശിവത്കരണം നടപ്പാക്കുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഈ രംഗത്ത് നിന്നും നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.