റിയാദ്: വിദേശികൾക്ക് ഗ്രീൻ കാർഡിന് തുല്യമായ  പ്രിവിലേജ്‌ഡ്‌  ഇഖാമ നൽകാനുള്ള പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഇത് ലഭിക്കുന്നവർക്ക് ദീർഘകാലം സൗദിയിൽ കഴിയുന്നതിനും ജോലി ചെയ്യുന്നതിനും ഇനി സ്‌പോണ്‍സറുടെ ആവശ്യമില്ല. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ്  വിദേശികൾക്ക് ഗ്രീൻ കാർഡിന് തുല്യമായ  പ്രിവിലേജ്‌ഡ്‌  ഇഖാമ അനുവദിക്കുന്ന പദ്ധതിക്ക് അനുമതി നൽകിയത്. 

പദ്ധതിയുടെ നടത്തിപ്പിനായി പ്രിവിലേജ്‌ഡ്‌ ഇഖാമ സെന്റർ  എന്ന പേരിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കാനും തീരുമാനമായി. പദ്ധതിക്ക് ശൂറാ കൌൺസിൽ നേരത്തെ അംഗീകാരം നൽകിയിരുന്നു. പ്രിവിലേജ്‌ ഇഖാമയ്ക്കുള്ള വ്യവസ്ഥകളും രൂപരേഖയും 90 ദിവസത്തിനകം പൂർത്തിയാക്കുമെന്നും അതിനുള്ള പ്രവർത്തനം ആരംഭിച്ചതായും ഇതിനായി രൂപീകരിച്ച പ്രത്യേക സമിതി വാർത്താകുറിപ്പിൽ അറിയിച്ചു.

വ്യവസ്ഥകൾക്കു വിധേയമായി വിദേശികൾക്ക് രണ്ടു തരത്തിലുള്ള  പ്രിവിലേജ്‌ഡ്‌   ഇഖാമ അനുവദിക്കാനാണ് തീരുമാനം. പ്രിവിലേജ് ഇഖാമ സ്വന്തമാക്കുന്ന വിദേശികൾക്ക് സ്വദേശികൾക്കു ലഭിക്കുന്നതിന് സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും. സ്വന്തം പേരിൽ വീടുകളോ കെട്ടിടങ്ങളോ സ്വന്തമാക്കുന്നതിനും  സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യാനും ഇഷ്ടാനുസരണം തൊഴിൽ മാറാനുമുള്ള അനുമതിയടക്കം നിരവധി ആനുകൂല്യങ്ങളാണ് വിദേശികൾക്ക് ലഭിക്കുക.