റിയാദ്: സൗദി അറേബ്യയിൽ മുപ്പതിലേറെ കമ്യൂണിക്കേഷൻ, ഐ.ടി തസ്‍തികകളിൽ സ്വദേശിവത്കരണം നടപ്പാക്കും. കമ്യൂണിക്കേഷൻസ് എൻജിനീയർ, കമ്പ്യൂട്ടർ എൻജിനീയർ, നെറ്റ്‍വർക്ക് എൻജിനീയർ, സോഫ്‍റ്റ്‍വെയർ ഡെവലപ്മെന്റ് സ്‍പെഷ്യലിസ്റ്റ്, നെറ്റ്‍വര്‍ക്ക് ടെക്നീഷ്യൻ, ടെക്നിക്കൽ സപ്പോർട്ട് സ്‍പെഷ്യലിസ്റ്റ്, ബിസിനസ് സ്‍പെഷ്യലിസ്റ്റ്, പ്രോഗ്രാമർ എന്നിവയാണ് ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട തസ്തികകൾ.

കമ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി ജോലികൾ സ്വദേശിവത്കരിക്കാനുള്ള പദ്ധതി 2019 തുടക്കം മുതൽ ആരംഭിച്ചിരുന്നു. ഇക്കാലയളവിൽ, ആശയവിനിമയ, വിവര സാങ്കേതിക ജോലികളുടെ സ്വദേശിവത്കരണത്തിന് സഹായങ്ങളായ പല സംരംഭങ്ങളും ടെലികമ്യൂണിക്കേഷൻ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. കഴിവുകൾ വികസിപ്പിക്കുന്നതിനായി നടപ്പാക്കിയ ‘ഫ്യൂച്ചർ സ്‍കിൽസ് ഇനിഷ്യേറ്റീവ്’ ഇതിൽ പ്രധാനമാണ്. 

ഡിജിറ്റൽ ജോലികളിൽ ആളുകളെ യോഗ്യരാക്കുകയും കഴിവുകൾ വികസിപ്പിക്കുകയും വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കാൻ സജ്ജരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി ഫണ്ടും (ഹദഫ്) വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കമ്യുണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എൻജിനീയറിങ് ജോലികൾ, പ്രോഗ്രാമിങ് അനാലിസിസ് ആപ്ലിക്കേഷൻ ഡവലപ്മെന്റ്, ടെക്നിക്കൽ സപ്പോർട്ട്, കമ്യുണിക്കേഷൻ ടെക്നിക്കൽ ജോലികൾ എന്നിവ ഈ ഗണത്തിലുൾപ്പെടും.