റിയാദ്: സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികള്‍ 30 ശതമാനം സ്വദേശിവത്കരിക്കാന്‍ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജിഹി ഉത്തരവിട്ടു. അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് തീരുമാനം ബാധകമാകുക. തൊഴില്‍ വിപണിയില്‍ യോഗ്യരായ സൗദി അക്കൗണ്ടന്റുമാര്‍ക്ക് തൊഴിലവസരം ലഭിക്കുന്നതിനും സുസ്ഥിരമായ സ്വദേശീവത്കരണം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണിത്.

സ്വകാര്യമേഖലയില്‍ സ്വദേശികളുടെ നിയമനം, പരിശീലനം, യോഗ്യരാക്കല്‍ എന്നിവക്കായി മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കിവരുന്ന പാക്കേജുകളുടെ ഭാഗം കൂടിയാണ് പുതിയ തീരുമാനം. ഇതിലൂടെ 9,800 ലധികം തൊഴിലവസരങ്ങള്‍ അക്കൗണ്ടിങ് മേഖലയിലുണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. അക്കൗണ്ട്‌സ് മാനേജര്‍, സക്കാത്ത് ആന്‍ഡ് ടാക്‌സ് മാനേജര്‍, സാമ്പത്തിക റിപ്പോര്‍ട്ട് വകുപ്പ് മാനേജര്‍, ജനറല്‍ ഓഡിറ്റിങ് മാനേജര്‍, ഇേന്റണല്‍ ഓഡിറ്റര്‍, കോസ്റ്റ് അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് സ്വദേശീവത്കരണം. ഇതിലൂടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും.