നോർക്ക റൂട്ട്സിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന രാജ്യാന്തര ടോൾ ഫ്രീ നന്പറിന് പ്രവാസലോകത്തു വൻ പ്രതികരണം. ലോകത്ത് എവിടെനിന്നും വിളിക്കാവുന്ന നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നന്പറിലേക്ക് ദിവസവും വിളിക്കുന്നത് ആയിരത്തിലധികം പ്രവാസികൾ.

24 മണിക്കൂറും പ്രവർത്തിക്കുന്ന 00918802012345 എന്ന ടോൾ ഫ്രീ നന്പറിലേക്ക് ലോകത്തു എവിടെനിന്നു വേണമെങ്കിലും സൗജന്യമായി വിളിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏതു സമയത്തും ഈ നമ്പറിലേക്ക് വിളിച്ചു പ്രവാസികൾക്ക് സഹായം അഭ്യർത്ഥിക്കാം. ഇത് പ്രവാസികൾക്ക് സർക്കാരുമായി ബന്ധപ്പെടാനുമുള്ള ഏകജാലക സംവിധമാണെന്നു നോർക്ക സി ഇ ഒ ഹരികൃഷ്‌ണൻ നന്പൂതിരി പറഞ്ഞു.

ഈ നന്പറിലേക്ക് വിളിച്ചാൽ ഉടനെ കാൾ ഡിസ്കണക്ട് ആകും. 30 സെക്കൻഡുകൾക്കുള്ളിൽ വിളിച്ച ആളിനെ നോർക്ക റൂട്ട്സിന്റെ ഓഫീസിൽ നിന്ന് തിരികെ വിളിക്കും. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിലേക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസേന ആയിരത്തിൽ അധികം പ്രവാസികൾ വിളിക്കുന്നതായി നോർക്ക സി ഇ ഒ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ നവീകരിച്ച നോർക്ക റൂട്ട്സിന്റെ WWW.NORKAROOTS.ORG എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.