Asianet News MalayalamAsianet News Malayalam

കുറഞ്ഞ ചിലവില്‍ വാഷിംഗ് മെഷീനുകള്‍ ഇന്ത്യയിലേക്ക്, ഇന്ത്യന്‍ വംശജന്റെ പദ്ധതിക്ക് ആഗോള സ്വീകരണം

ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് ഈ വാഷിങ് മെഷീന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാനുവല്‍ വാഷിംഗ് മെഷീനുകള്‍ വികസിപ്പിക്കുന്നതിനായി മൂന്ന് വര്‍ഷം മുമ്പ് തന്റെ വാഷിംഗ് മെഷീന്‍ പ്രോജക്റ്റ് സ്ഥാപിച്ച സാഹ്നി, സന്നദ്ധപ്രവര്‍ത്തകരുമായും പങ്കാളികളുമായും ചേര്‍ന്നാണ് വിതരണത്തിനു തയ്യാറെടുക്കുന്നത്.

UK Sikh Engineers Low Cost Washing Machines To Head To India
Author
London, First Published Aug 16, 2021, 3:09 PM IST

കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന വാഷിംഗ് മെഷീനുകള്‍ ഇന്ത്യയിലേക്ക്. ലണ്ടനില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ സിഖ് എഞ്ചിനീയറുടെ പദ്ധതിക്കാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നടത്തിയ ഫീല്‍ഡ് ഗവേഷണത്തെത്തുടര്‍ന്ന് വസ്ത്രങ്ങള്‍ കഴുകാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി കണ്ടതാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടാന്‍ പ്രേരകമായതെന്ന് സ്ഥാപകനായ നവജ്യോത് സാഹ്നി പറഞ്ഞു. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് ഈ വാഷിങ് മെഷീന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാനുവല്‍ വാഷിംഗ് മെഷീനുകള്‍ വികസിപ്പിക്കുന്നതിനായി മൂന്ന് വര്‍ഷം മുമ്പ് തന്റെ വാഷിംഗ് മെഷീന്‍ പ്രോജക്റ്റ് സ്ഥാപിച്ച സാഹ്നി, സന്നദ്ധപ്രവര്‍ത്തകരുമായും പങ്കാളികളുമായും ചേര്‍ന്നാണ് വിതരണത്തിനു തയ്യാറെടുക്കുന്നത്.

സാധനങ്ങളുടെ വിതരണ ചിലവ് കണ്ടെത്തുന്നതിന് 10,000 പൗണ്ട് സംഘടിപ്പിക്കാന്‍ ജസ്റ്റ് ഗിവിംഗില്‍ ഒരു ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്. മെഷീന്‍ 60-70 ശതമാനം സമയവും 50 ശതമാനം വെള്ളവും ലാഭിക്കുന്നു. ഈ ആശയം ഒരു സൗഹൃദത്തില്‍ നിന്നാണ് ജനിച്ചതെന്നു സാഹ്നി പറയുന്നു. ദക്ഷിണേന്ത്യയിലെ ഗ്രാമത്തിലെ സ്ത്രീകളുടെ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് അയല്‍വാസിയായ ദിവ്യ പറയാന്‍ ആരംഭിച്ചിടത്തു നിന്നാണ് പദ്ധതി ആരംഭിക്കുന്നത്. യുകെയിലെ തന്റെ എഞ്ചിനീയറിംഗ് ജീവിതത്തില്‍ നിന്ന് സാഹ്‌നി, കൈകൊണ്ട് ക്രാങ്ക് ചെയ്ത വാഷിംഗ് മെഷീന്‍ എന്ന ആശയം വികസിപ്പിച്ചു.

'തമിഴ്‌നാട്ടില്‍ ആയിരുന്നപ്പോള്‍, ഞാന്‍ കുയിലപാളയം എന്ന ഒരു ചെറിയ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഇവിടെ തുടര്‍ച്ചയായ വൈദ്യുതി ലഭിക്കുന്നത് പരിമിതമായിരുന്നു, കൂടാതെ ദിവസത്തില്‍ രണ്ടുതവണ മാത്രമാണ് വെള്ളം കിട്ടിയിരുന്നത്, അയല്‍വാസിയായ ദിവ്യയും ഞാനും മികച്ച സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ താരതമ്യേന ചെലവു കുറഞ്ഞ വാഷിങ് മെഷീനുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു, ഇന്നത് യാഥാര്‍ത്ഥ്യമായി,' അദ്ദേഹം പറഞ്ഞു.

ഇത് ഒരു ലളിതമായ സാലഡ് സ്പിന്നറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ മാനുവല്‍ വാഷിംഗ് മെഷീന് 'ദിവ്യ 1.5' എന്നാണ് പേരിട്ടിരിക്കുന്നത്. ചാരിറ്റി കെയര്‍ ഇന്റര്‍നാഷണലിന്റെ സഹായത്തോടെ ഇപ്പോള്‍ ദിവ്യ 1.5 ല്‍ 30 എണ്ണം ഇറാഖിലെ മംറഷന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഉപയോഗിക്കും. ഇത് 300 പേര്‍ക്കു ഗുണപ്രദമാകുമെന്നും പ്രതിവര്‍ഷം ഒരു കുടുംബത്തിന് 750 മണിക്കൂര്‍ വരെ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു, ഇത് രണ്ട് മാസത്തെ പകല്‍സമയത്തിന് തുല്യമാണ്. യന്ത്രങ്ങള്‍ വിതരണം ചെയ്യാന്‍ സെപ്റ്റംബര്‍ തുടക്കത്തില്‍ സാഹ്നി ഇറാഖിലേക്ക് പോകാന്‍ പദ്ധതിയിടുന്നു. ഒപ്പം ഈ വര്‍ഷാവസാനം, വാഷിംഗ് മെഷീന്‍ ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കും കയറ്റുമതി ചെയ്യും. പിന്നീട്, ഈ മെഷീനുകള്‍ ഇന്ത്യയും ആഫ്രിക്കയും ഉള്‍പ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അയയ്ക്കാനുള്ള പദ്ധതിപ്രാവര്‍ത്തികമാക്കും.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios