ടോം ജെ മങ്ങാട്ട് എഴുതി സംവിധാനം ചെയ്ത 'ഭ്രമം' എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. 2020-ലെ ഇന്ത്യാ ഫിലിം പ്രോജക്റ്റിന്റെ ഭാഗമായി 50 മണിക്കൂറിനുള്ളിൽ തിരക്കഥാരചന തുടങ്ങി കാസ്റ്റിങും ഷൂട്ടിങ്ങും എഡിറ്റിങ്ങും ഡബ്ബിങ്ങും മിക്സിങ്ങും സബ്  ടൈറ്റിലും വരെ ചെയ്ത് പൂർത്തിയാക്കിയതാണ് ഈ കുഞ്ഞുസിനിമ.

പെട്ടെന്ന് പ്രസിദ്ധനാവാൻ പരിശ്രമിക്കുന്ന ഒരു ഹോട്ടൽ ജീവനക്കാരന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് ഭ്രമം. മറ്റൊരു ഭ്രമവുമായി അവിടെ ഒരാൾ കൂടി ഉണ്ടായിരുന്നു എന്ന് അറിയുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോകുന്നതുമാണ് സിനിമയുടെ പ്രമേയം. 

 
നടി ലാലി പി.എം. അഭിനയിക്കുന്ന ആദ്യ ഹ്രസ്വചിത്രമെന്ന പ്രത്യേകതയും ഭ്രമത്തിനുണ്ട്. കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ സഹോദരൻമാരുടെ അമ്മ വേഷത്തിൽ ഒറ്റ രംഗത്തിലെ അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് ലാലി. ജിതിൻ കെ സലിം, ഷെജിൻ കുര്യൻ, ദീപു ജി പണിക്കർ, സ്നേഹ ശങ്കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. റാം എച്ച് പുത്രൻ ഛായാഗ്രഹണവും ചിത്രസംയോജനവും ചെയ്ത സിനിമയ്ക്ക് സം​ഗീതം നൽകിയിരിക്കുന്നത് പ്രതീക് ആണ്.