മുംബൈ: ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങിയാല്‍ എതിരാളികളെ പന്തുകൊണ്ടും ബാറ്റുകൊണ്ടും മാത്രമല്ല വാക്കുകള്‍കൊണ്ടും തളര്‍ത്തുക എന്നത് ഓസ്ട്രേലിയയുടെ രീതിയാണ്. വാക്കുകള്‍കൊണ്ട് പ്രകോപിപ്പിച്ച് എതിരാളികളെ വീഴ്ത്തുന്നതില്‍ ഓസീസിന് പ്രത്യേക മിടുക്കുമുണ്ട്. എന്നാല്‍ കരിയറില്‍ ഒരിക്കലും ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ പറഞ്ഞു.

ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന പരിപാടിയിലാണ് സച്ചിനെ സ്ലെഡ്ജ് ചെയ്യാതിരുന്നതിന്റെ കാരണം ബ്രെറ്റ് ലീ വ്യക്തമാക്കിയത്. കരിയറില്‍ ഒരിക്കലും സ്ലെഡ്ജ് ചെയ്യാത്ത കളിക്കാരന്‍ ആരാണെന്നായിരുന്നു ലീയോട് അവതാരകന്റെ ചോദ്യം. സച്ചിന്‍ എന്ന് ഉടന്‍ ഉത്തരവുമെത്തി. കാരണം സച്ചിനെ ചീത്തവിളിച്ചാല്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കിയാല്‍ ആ മാറ്റം നമുക്ക് മനസിലാവും. കാരണം പിന്നീട് ആ ദിവസം മുഴുവന്‍ നമ്മള്‍ സച്ചിനെതിരെ പന്തെറിയേണ്ടിവരും.

മറ്റ് ബാറ്റ്സ്മാന്‍മാരോടുള്ള ബഹുമാനം വെച്ചുകൊണ്ടുതന്നെ പറയട്ടെ, സച്ചിന് തുല്യം സച്ചിന്‍ മാത്രമെയുള്ളു. അദ്ദേഹം ക്രിക്കറ്റിലെ ദൈവമാണ്. അതുകൊണ്ടുതന്നെ സച്ചിനെ ബഹുമാനിക്കുക എന്നതല്ലാതെ അദ്ദേഹത്തോട് ഒരിക്കലും മോശം വാക്കുകള്‍ പറഞ്ഞിട്ടില്ല. ജാക്വിസ് കാലിസിന്റെയും ആന്‍ഡ്ര്യു ഫ്ലിന്റോഫിന്റെയും കാര്യത്തിലും ഇക്കാര്യം ഏറെക്കുറെ പറയാം. പക്ഷെ അപ്പോഴും സച്ചിന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. കാരണം രാജാവിനെ ആരും ചീത്തവിളിക്കാറില്ലല്ലോ-ബ്രെറ്റ് ലീ പറഞ്ഞു. രണ്ടര പതിറ്റാണ്ടു നീണ്ട രാജ്യാന്തര കരിയറില്‍ സച്ചിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ കൂടിയാണ് ബ്രെറ്റ് ലീ.