32 വര്‍ഷമായി തകരാതെ കാത്ത ഗാബ കോട്ട 2019ല്‍ ഇന്ത്യ തകര്‍ത്തെങ്കിലും ഓസ്ട്രേലിയയുടെ ഉറച്ച വിജയവേദിയാണ് ഇന്നും ഗാബ. അവിടെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ അനായാസ ജയം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചതും.

ഗയാന: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനായി അരങ്ങേറും മുമ്പ് ഷമര്‍ ജോസഫ് എന്ന പേര് അധികമാരും കേട്ടിരുന്നില്ല. എന്നാല്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ പന്തില്‍ തന്നെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ടെസ്റ്റ് അരങ്ങേറ്റംക്കുറിച്ച ഷമര്‍ പിന്നീട് ഓടിക്കയറിയത് ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി എതിരാളികളെ അഭിനന്ദിക്കാന്‍ പിശുക്കു കാട്ടുന്ന ഓസ്ട്രേലിയന്‍ താരങ്ങളുടെ പോലും അഭിനന്ദനത്തിന് പാത്രമായെങ്കിലും ഷമറിന്‍റെ യഥാര്‍ത്ഥ മികവ് ക്രിക്കറ്റ് ലോകം കാണാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു.

ഗാബയിലെ ഹീറോയിസം

32 വര്‍ഷമായി തകരാതെ കാത്ത ഗാബ കോട്ട 2019ല്‍ ഇന്ത്യ തകര്‍ത്തെങ്കിലും ഓസ്ട്രേലിയയുടെ ഉറച്ച വിജയവേദിയാണ് ഇന്നും ഗാബ. അവിടെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ അനായാസ ജയം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചതും. ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 311 റണ്‍സടിച്ചപ്പോള്‍ ആത്മവിശ്വാസം കുറച്ചു കൂടിപ്പോയ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് ആദ്യ ഇന്നിംഗ്സ് 289-9ല്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ 193 റണ്‍സിന് പുറത്തായ വിന്‍ഡീസ് ഓസീസിന് മുന്നില്‍വെച്ചത് 216 റണ്‍സ് വിജയലക്ഷ്യം.

ഓപ്പണറായി ഇറങ്ങിയ സ്റ്റീവ് സ്മിത്ത് പൊരുതി നിന്നെങ്കിലും മറുവശത്ത് ഷമറിന്‍റെ പന്തുകള്‍ അതിജീവിക്കാനാകാതെ ഓസീസ് ബാറ്റര്‍മാര്‍ ഓരോരുത്തരായി ക്രീസ് വിട്ടു. ഒടുവില്‍ എട്ട് റണ്‍സകലെ ഓസീസിന്‍റെ അവസാന ബാറ്ററായ ജോഷ് ഹേസല്‍വുഡിനെയും വീഴ്ത്തിയ ഷമര്‍ ഏഴ് വിക്കറ്റുമായി വിന്‍ഡീസിന്‍റെ അപൂര്‍വ വിജയം ലോകകപ്പ് നേട്ടം പോലെ ആഘോഷിച്ചപ്പോള്‍ വിന്‍ഡീസ് ഡ്രസ്സിംഗ് റൂമിലെത്തി ഷമറിന്‍റെ കൈയൊപ്പിട്ട ജേഴ്സി വാങ്ങാന്‍ ആദ്യമെത്തിയത് ഓസീസ് നായകന്‍ പാറ്റ് കമിന്‍സായിരുന്നു.

ഐപിഎല്ലിലേക്ക്

കഴിഞ്ഞ ഡിസംബറില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ ആരും കാണാതിരുന്ന ഷമര്‍ ഇതോടെ ഐപിഎല്‍ ടീമുകളുടെയും നോട്ടപ്പുള്ളിയായി. ടെസ്റ്റ് പരമ്പരക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ ഷമറിന് വിരോചിത വരവേല്‍പ്പും വിന്‍ഡീസ് ബോര്‍ഡില്‍ നിന്ന് സെന്‍ട്രല്‍ കോണ്‍ട്രാക്ടും ലഭിച്ചതിന് തൊട്ടുപിന്നാലെ തേടിയെത്തിയത് കോടികളുടെ ഐപിഎല്‍ കരാര്‍. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സായിരുന്നു മാര്‍ക്ക് വുഡിന് പകരം 3 കോടി നല്‍കി ഷമറിനെ ടീമിലെത്തിച്ചത്.

ദാരിദ്ര്യത്തിന്‍റെ പിച്ചില്‍ പന്തെറിഞ്ഞ്

ഗയാനയിലെ കഞ്ചെ നദിക്കരയിലുള്ള ബരാകര ഗ്രാമത്തിലാണ് ഷമര്‍ ജനിച്ചത്. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നാട്ടിലെ പ്രധാന ജോലിയായ തടപ്പിണി തന്നെ ഷമറും തെരഞ്ഞെടുത്തു. ഇതിനിടെ വിവാഹം കഴിഞ്ഞു. ഭാര്യ ഗര്‍ഭിണിയായി. ജോലിക്കിടെ മരം ദേഹത്തു വീഴാതെ തലനാരിഴക്ക് ജിവിതത്തിലേക്ക് തിരിച്ചുവരുന്നതും ഈ സമയത്താണ്. അതോടെ മരംവെട്ട് ജോലി മതിയാക്കി പുതിയ ജോലി തേടി നാടുവിട്ട ഷമര്‍ ന്യൂ ആംസ്റ്റർഡാമിലേക്ക് പോയി. അവിടെ കെട്ടിട നിര്‍മാണ തൊഴിലാളിയായെങ്കിലും ഉയരത്തോടുള്ള പേടി കാരണം അത് അധികം തുടരാനായില്ല. പിന്നീട് സെക്യൂരിറ്റി ഗാർഡായി ജോലിനോക്കി. 12 മണിക്കൂർ തുടര്‍ച്ചയായുള്ള ജോലി ടെന്നീസ് ബോള്‍ ക്രിക്കറ്ററായിരുന്ന ഷമറിന്‍റെ ക്രിക്കറ്റിനോടുള്ള അഭിനിവേശം കുറച്ചില്ല. ടേപ്പ് ബോൾ ഗെയിമുകൾ കളിച്ചും പഴങ്ങൾ ഉപയോഗിച്ച് പന്തെറിഞ്ഞും ഷമര്‍ പരിശീലനം തുടര്‍ന്നു.

വഴിത്തിരിവായത് ആംബ്രോസിന്‍റെ ഇടപെടല്‍

വിന്‍ഡീസ് പേസ് ഇതിഹാസമായ കർട്ട്ലി ആംബ്രോസ് നടത്തിയ ഒരു ഫാസ്റ്റ് ബൗളിംഗ് ക്ലിനിക്കില്‍ പങ്കെടുത്തതാണ് ഷമറിന്‍റെ ജീവിതം മാറ്റിമറിച്ചത്. ഒരു ട്രയൽ ഗെയിമിൽ എട്ട് വിക്കറ്റ് വീഴ്ത്തിയതോടെ ഗയാന ടീമിലേക്ക് ഷമറിന് വിളിയെത്തി. ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ അരങ്ങേറ്റത്തിൽ തന്നെ 13 റണ്‍സിന് ആറ് വിക്കറ്റെടുത്ത് തിളങ്ങി. പിന്നീട് കരീബിയൻ പ്രീമിയർ ലീഗിലെ നെറ്റ് ബൗളർ എന്ന നിലയിലും ഷമര്‍ ശ്രദ്ധേയനായി.

സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം, നഷ്ടമായത് നിര്‍ണായക വിവരങ്ങളടങ്ങിയ 1.6 ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഫസ്റ്റ് ക്ലാസ് സീസണിന് മുന്നോടിയായി ഗയാന നാല് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയപ്പോള്‍ അതിലൊരാള്‍ ഷമറായിരുന്നു. ബാർബഡോസിനെതിരെയായിരുന്നു ഷമറിന്‍റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം, പിന്നീട് സിപിഎല്ലിൽ പരിക്കേറ്റ കീമോ പോളിന് പകരക്കാരനായി ഗയാന ആമസോൺ വാരിയേഴ്‌സിനായി ഷമര്‍ കളിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള വിന്‍ഡീസ് ടീമില്‍ ഏഴ് പുതുമുഖങ്ങള്‍ക്ക് വിന്‍ഡീസ് സെലക്ടര്‍മാര്‍ അവസരം കൊടുത്തപ്പോള്‍ ഷമറും ടീമിലെത്തി. പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിലൂടെ ഷമറിന്‍റെ ബൗളിംഗ് പ്രകടനം കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്കും അവസരം ഒരുങ്ങുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക