Asianet News MalayalamAsianet News Malayalam

ജെയ്ഷയുടെ ആരോപണങ്ങള്‍ തള്ളി സഹപരീശീലകനും

Asst coach also blames OP Jaisha
Author
Bengaluru, First Published Aug 26, 2016, 6:56 AM IST

ബംഗലൂരു: മലയാളി താരം ഒ.പി.ജെയ്ഷയ്‌ക്കെതിരെ പരിശീലകന്‍ നിക്കോളായ് സ്നസരേവിന് പിന്നാലെ സഹപരിശീലകനും മലയാളിയുമായ പി രാധാകൃഷ്ണന്‍ നായരും രംഗത്ത്. മാരത്തോണിനിടയില്‍ പ്രത്യേകം വെള്ളം വേണമെന്ന് മത്സരം തുടങ്ങുന്നതിന് മുമ്പ് ജെയ്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്ന് രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

റിയൊ ഒളിംപിക്‌സില്‍ മാരോത്തോണിനിടെ വെള്ളം നല്‍കാത്തതിനുപിന്നില്‍ മുഖ്യ പരിശീകലന്‍ നിക്കോളായ് സ്നെസരെവ് ആണെന്ന ജെയ്ഷയുടെ ആരോപണം മുഖ്യസഹ പരിശീലകന്‍ പി രാധാകൃഷ്ണന്‍ തള്ളി. വെള്ളവും ഊര്‍ജപാനിയങ്ങളും വേണോയെന്ന് മത്സരം തുടങ്ങുന്നതിന് മുമ്പ് താന്‍ ചോദിച്ചിരുന്നു. സംഘാടകസമിതിനല്‍കുന്ന വെള്ളം മാത്രം മതിയെന്നും അതാണ് പതിവെന്നുമായിരുന്നു ജെയ്ഷയുടെ മറുപടി.

ഒപ്പം ഓടിയ കവിത റാവത്തും പ്രത്യേകം പാനീയം ആവശ്യപ്പെട്ടില്ല. രണ്ടരക്കിലോമീറ്റര്‍ ഇടവേളിയില്‍ ഇന്ത്യന്‍ വാട്ടര്‍ ബൂത്തുകള്‍ സ്ഥാപിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ജെയ്ഷയും കവിതയും ഊര്‍ജപാനിയം ആവശ്യപ്പെടാത്തതിനാല്‍ ഇന്ത്യന്‍ ബൂത്തുകള്‍ ഒരുക്കിയിരുന്നില്ലെന്നും രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.

പരിശീലകന്‍ നിക്കോളായിയെ കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ എന്തെന്ന് അറിയില്ല. പരിശീലകരെന്ന നിയില്‍ താരങ്ങളുമായി കൃത്യമായി ആശയവിനിമയം നടത്താറുണ്ട്. മാരത്തോണിന് ശേഷം ജെയ്ഷ തളര്‍ന്ന് വീണപ്പോള്‍ ഉടന്‍ ചികിത്സ ലഭ്യമാക്കിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് അത്‍ലറ്റിക്‌സ് ഫെഡറേഷനും സ്‌പോട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കും കേന്ദ്ര കായികമന്ത്രാലയത്തിന്‍റെ അന്വേഷണസമിതിക്കും കൈമാറി. രണ്ടംഗ അന്വേഷണ സമിതി ഈയാഴ്ച റിപ്പോര്‍ട്ട് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന് സമ‍ര്‍പ്പിക്കും.

 

Follow Us:
Download App:
  • android
  • ios