അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ചൊവ്വാഴ്ച ഇറങ്ങുമ്പോള്‍ ഇന്ത്യ ഭയക്കുന്നത് അഡ്‌ലെയ്ഡ് ഓവലിലെ തങ്ങളുടെ മോശം റെക്കോര്‍ഡിനെ തന്നെ. അഡ്‌ലെയ്ഡില്‍ അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളും ഓസ്ട്രേലിയ ജയിച്ചു കയറിയിട്ടുണ്ട്. അവസാനം തോറ്റതാകട്ടെ 2013ല്‍ ശ്രീലങ്കക്കെതിരെയും.

ഇതിന് പുറമെ ഓസ്ട്രേലിയയില്‍ ഓസ്ട്രേലിക്കെതിരെ കളിച്ച അവസാന 10 ഏകദിനങ്ങളില്‍  ഒമ്പതെണ്ണത്തിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു. അഡ്‌ലെയ്ഡിലും ഇന്ത്യക്ക് അത്ര നല്ല റെക്കോര്‍ഡല്ല ഉള്ളത്. അഡ്‌ലെയ്ഡില്‍ കളിച്ച അഞ്ചു കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് വിജയം ഇന്ത്യയുടെ കൂടെ നിന്നത്. 2012ലാണ് ധോണിയുടെ ബാറ്റിംഗ്  മികവില്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യ ജയിച്ചു കയറിയത്.

അഡ്‌ലെയ്ഡിലെ പിച്ച് സ്ലോ ബൗളര്‍മാരെ തുണച്ചതാണ് ഇതുവരെയുള്ള ചരിത്രം. കഴിഞ്ഞ 10 മത്സരങ്ങളില്‍ അഡ്‌ലെയ്ഡിലെ ശരാശരി സ്കോര്‍ ആകട്ടെ 244 മാത്രമാണ്. അതുകൊണ്ടുതന്നെ അഡ്‌ലെയ്ഡില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഖലീല്‍ അഹമ്മദിന് പകരം യുസ്‌വേന്ദ്ര ചാഹലിനെ അന്തിമ ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സിഡ്നിയില്‍ 34 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് അഡ്‌ലെയ്ഡില്‍ ജയിച്ചെങ്കില്‍ പരമ്പര നഷ്ടമാവും.