Asianet News MalayalamAsianet News Malayalam

അന്ന് ധോണിയെ പോലും പുറത്താക്കി, പിന്നെയാണോ രാഹുല്‍; സഞ്ജീവ് ഗോയങ്കയുടെ ധാര്‍ഷ്ഠ്യം വീണ്ടും ച‍ർച്ചയാക്കി ആരാധകർ

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ ആരാധകര്‍ ഗോയങ്കയക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ധോണിയും താനും തമ്മില്‍ വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്നായിരുന്നു ഗോയങ്കയുടെ നിലപാട്.

Who is Sanjiv Goenka? LSG owner who sacked MS Dhoni from captaincy in 2017
Author
First Published May 9, 2024, 4:08 PM IST

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ നായകന്‍ കെ എല്‍ രാഹുലിനോട് ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി പൊട്ടിത്തെറിച്ചതിന് പിന്നാലെ ധോണി-ഗോയങ്ക ശീതസമരം വീണ്ടും ചര്‍ച്ചയാക്കി ആരാധകര്‍. ഐപിഎല്ലിലെ ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് 2016ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷ വിലക്ക് വന്നതോടെ രണ്ട് സീസണുകളിലേക്ക് മാത്രമായി രണ്ട് ടീമുകളെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. അങ്ങനെയാണ് സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്‍റ്സും ഗുജറാത്ത് ലയണ്‍സും ഐപിഎല്ലില്‍ കളിക്കാനെത്തുന്നത്. ചെന്നൈ നായകനായിരുന്ന എം എസ് ധോണിയായിരുന്നു പൂനെയുടെ നായകന്‍.

എട്ട് ടീമുകളുണ്ടായിരുന്ന ആദ്യ സീസണില്‍ ധോണിക്ക് കീഴില്‍ ഏഴാം സ്ഥാനത്താണ് പൂനെ പൂനെ ഫിനിഷ് ചെയ്തത്. ഇതിന്  പിന്നാലെയായിരുന്നു ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയ ഗോയങ്ക യുവതാരമായിരുന്ന സ്റ്റീവ് സ്മിത്തിനെ ടീമിന്‍റെ നായകനാക്കിയത്. അടുത്ത സീസണില്‍ സ്മിത്തിന് കീഴില്‍ പൂനെ ഫൈനലിലെത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സിനോട് ഫൈനലില്‍ തോറ്റു.

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ അവനെ റിസര്‍വ് താരമായെങ്കിലും ഉള്‍പ്പെടുത്താന്‍ പറ്റുമോ; ചോദ്യവുമായി ഹർഭജന്‍

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ ആരാധകര്‍ ഗോയങ്കയക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ധോണിയും താനും തമ്മില്‍ വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്നും ധോണിയുടെ കടുത്ത ആരാധകനാണ് താനെന്നും വ്യക്തമാക്കിയ ഗോയങ്ക യുവാതാരത്തെ നായകനാക്കാന്‍ വേണ്ടിയാണ് ധോണിയെ മാറ്റിയതെന്നും വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്ത് കഴിവു തെളിയിച്ചിട്ടുണ്ടെന്നും സ്മിത്ത് പറഞ്ഞിരുന്നു.

സഞ്ജീവ് ഗോയങ്ക ധോണിക്കെതിരെ പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും മൂത്ത സഹോദരന്‍ ഹര്‍ഷ ഗോയങ്ക സോഷ്യല്‍ മീഡിയയിലൂടെ ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയതും അതിന് പരോക്ഷമായി ധോണിയുടെ ഭാര്യ സാക്ഷി ധോണി മറുപടി നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. സ്മിത്തിന്‍റെ കീഴില്‍ പൂനെ ജയിച്ചതിന് പിന്നാലെ ആരാണ് കാട്ടിലെ രാജാവെന്ന് ഇപ്പോള്‍ മനസിലായോ എന്നും സ്മിത്തിനെ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമായിരുന്നുവെന്നും ഹര്‍ഷ ഗോയങ്ക ട്വീറ്റ് ചെയ്തിരുന്നു.പിന്നീട് ഇത് ഡീലിറ്റ് ചെയ്തു.

'കുറച്ചെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ നിങ്ങൾ ഈ ടീം വിടണം', 'മുതലാളി'യുടെ പരസ്യ ശകാരത്തിൽ രാഹുലിനോട് ആരാധകർ

എന്നാല്‍ പക്ഷികള്‍ ജീവനോടെ ഇരിക്കുമ്പോള്‍ ഉറുമ്പുകളെ തിന്നുമെന്നും എന്നാല്‍ പക്ഷികള്‍ ചത്തു കഴിഞ്ഞാല്‍ ഉറുമ്പുകള്‍ പക്ഷികളെ തിന്നുമെന്നും സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്നും സാക്ഷി ധോണി മറുപടി നല്‍കിയിരുന്നു. നിങ്ങള്‍ ഇന്ന് ശക്തനായിരിക്കും, പക്ഷെ കാലമാണ് ഏറ്റവും വലയി ശക്തനെന്നും സാക്ഷി ധോണി മറുപടിയില്‍ പറഞ്ഞു. ഒരു മരത്തില്‍ നിന്ന് ഒരുപാട് തീപ്പെട്ടിക്കൊള്ളികളുണ്ടാക്കാമെങ്കിലും ഒരു തീപ്പെട്ടിക്കൊള്ളി മതി ഒരുപാട് മരങ്ങളെ ചുട്ടു ചാമ്പലാക്കാനെന്നും സാക്ഷി ഹര്‍ഷ ഗോയങ്കക്ക് മറുപടിയായി ട്വീറ്റ് ചെയ്തിരുന്നു.

അന്ന് ധോണിക്കെതിരെ പരസ്യമായി പോരടിച്ച സഞ്ജീവ് ഗോയങ്ക മിതഭാഷിയായ കെ എല്‍ രാഹുലിനെതിരെ തിരിഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ധോണിയെ പോലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ആള്‍ക്ക് രാഹുലിനെ മാറ്റുന്നത് പൂ പറിക്കുന്നതുപോലെ ഈസിയായ ജോലിയാണെന്നും അവര്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios