Asianet News MalayalamAsianet News Malayalam

ബാറ്റില്‍ പ്രത്യേക സ്റ്റിക്കര്‍; കയ്യടി നേടി രോഹിത് ശര്‍മ്മ

  • രോഹിത് കളിക്കാനിറങ്ങിയത് പ്രത്യേക സ്റ്റിക്കറുള്ള ബാറ്റുമായി
ipl2018 rohit sharma sorai rhino cricket bat

മുംബൈ: കൂറ്റനടികള്‍ക്ക് പേരുകേട്ട ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ്മ. ബാറ്റിംഗ് വിസ്ഫോടനം കൊണ്ട് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഹിറ്റ്മാന്‍ എന്ന പേരുണ്ട് രോഹിതിന്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായ രോഹിതില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നതും ആ വെടിക്കെട്ടാണ്. എന്നാല്‍ ഐപിഎല്‍ 11-ാം സീസണിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ നിന്ന് മറ്റൊരു ബിഗ് ഹിറ്റാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിച്ചത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഓപ്പണറായ രോഹിത് ശര്‍മ്മയെടുത്ത ബാറ്റ് ആരാധകരെ അമ്പരിപ്പിച്ചു എന്നു പറയാം. രോഹിതിന്‍റെ ബാറ്റില്‍ പതിച്ചിരുന്ന സ്റ്റിക്കറാണ് ഇതിന് കാരണം. ആഫ്രിക്കയിലും ഇന്ത്യയിലുമുള്ള വംശനാശ ഭീക്ഷണി നേരിടുന്ന കാണ്ടാമൃഗത്തെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള സൊറായ് ക്യാംപയിനിന്‍റെ സ്റ്റിക്കറായിരുന്നു ബാറ്റില്‍ പതിച്ചിരുന്നത്.

മുന്‍ ഇംഗ്ലീഷ് താരവും ഐപിഎല്‍ കമന്‍റേറ്ററുമായ കെവിന്‍ പീറ്റേഴ്സനാണ് രോഹിതിന്‍റെ ബാറ്റിലെ സ്റ്റിക്കര്‍ ലോകത്തിന് വെളിപ്പെടുത്തിയത്. ബാറ്റിന്‍റെ ചിത്രം കെപി ട്വിറ്ററില്‍ പങ്കുവെച്ചതോടെ രോഹിത് ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ ബാറ്റ് കൊണ്ട് തിളങ്ങിയ മത്സരത്തില്‍ റണ്‍സ് കൊണ്ട് തിളങ്ങാന്‍ മുംബൈ ഇന്ത്യന്‍സ് നായകനായില്ല. 18 പന്തില്‍ 15 റണ്‍സ് മാത്രമാണ് രോഹിത് എടുത്തത്. വാട്സന്‍റെ പന്തില്‍ റായിഡു പിടിച്ച് രോഹിത് പുറത്താവുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios