വഡോദര: ദേശീയ യൂത്ത് അത്‍‍‍ലറ്റിക്സ് മീറ്റിൽ കേരളത്തിന്‍റെ പെൺകുട്ടികള്‍ക്ക് കിരീടം. ഹരിയാനയാണ് ഓവറോള്‍ ചാംപ്യന്മാര്‍. അവസാനദിനം ഏഴ് സ്വര്‍ണം നേടിയ കേരളം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏഴ് സ്വര്‍ണവും 7 വെള്ളിയും 4 വെങ്കല മെഡലും നേടിയ കേരളം ഇക്കുറി 11 സ്വര്‍ണവും 5 വെള്ളിയും 3 വെങ്കലവുമായാണ് വഡോദര വിടുന്നത്. 

യൂത്ത് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയതിന്‍റെ ആവേശത്തില്‍ വഡോദരയിൽ ഇറങ്ങിയ ജെ വിഷ്ണുപ്രീയ 400 മീറ്റര്‍ ഹര്‍ഡിൽസില്‍ മീറ്റ് റെക്കോര്‍ഡോടെ ഒന്നാമതെത്തി. സമയം ഒരു മിനിറ്റ് 2.52 സെക്കന്‍ഡ്. പാലക്കാട‌് മോയൻ ഹയർ സെക്കൻഡറി സ‌്കൂളിലെ വിദ്യാർഥിനിയാണ‌് വിഷ്ണുപ്രിയ. ലോംഗ്‌ജംപിലെ സുവര്‍ണനേട്ടം ട്രിപ്പിള്‍ ജംപിലും ആവര്‍ത്തിച്ച സാന്ദ്രാ ബാബു മീറ്റില്‍ കേരളത്തിന്‍റെ ഏക ഡബിളിന് അര്‍ഹയായി.

200 മീറ്ററില്‍ ആന്‍സി സോജന്‍, ഹെപ്റ്റാത്ത്‍‍ലണില്‍ അനുദ്രാ കെ ആര്‍, 400 മീറ്റര്‍ ഹര്‍ഡിൽസില്‍ എ രോഹിത്ത് എന്നിവരും അവസാനദിനം കേരളത്തിനായി പൊന്നണിഞ്ഞു. മെഡ്‍‍ലേ റിലേയിലെ ആൺകുട്ടികളിലും പെൺകുട്ടികളിലും കേരളത്തിനാണ് സ്വര്‍ണം. ട്രിപ്പിള്‍ ജംപില്‍ അഖിൽ കുമാർ സി.ഡി വെള്ളിയും, ആകാശ് എം വർഗീസ് വെങ്കലവും നേടി. 1500 മീറ്ററില്‍ സി ചാന്ദ്നി രണ്ടാമതെത്തിയതും കേരളത്തിന് നേട്ടമായി.