ദില്ലി: ര‌ഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഇത്തവണയും നിരാശ. കേരളം നോക്കൗട്ട് റൗണ്ടില്‍ കടക്കാതെ പുറത്തായി. അവസാന മത്സരത്തില്‍ സര്‍വീസസിനെതിരെ ബോണസ് പോയിന്റോടെ ജയിച്ചാലെ കേരളത്തിന് നോക്കൗട്ട് സാധ്യത ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കേരളത്തിന് ഇന്നിംഗ്സ് ലീഡോടെ സമനില നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

സച്ചിന്‍ ബേബിയുടെ ഇരട്ട സെഞ്ച്വറിയും അ‍ക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിയും മാത്രമാണ് അവസാന മത്സരത്തില്‍ കേരളത്തിന് ആശ്വസിക്കാനുള്ളൂ. സര്‍വീസസിന്റെ 322 റണ്‍സിനെതിരെ കേരളം 518 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. സച്ചിന്‍ ബേബി 250 റണ്‍സുമായും അക്ഷയ് ചന്ദ്രന്‍ 102 റണ്‍സുമായും പുറത്താവാതെ നിന്നു.

കേരളം ഉള്‍പ്പെട്ട സി ഗ്രൂപ്പില്‍ നിന്ന് 31 പോയന്റ് വീതം നേടിയ ഹരിയാനയും ഹൈദരാബാദുമാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടയിത്. 25 പോയന്റുള്ള കേരളം ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തായി.