കൊച്ചി: പരിക്ക് മാറി ടോം ജോസഫ് വീണ്ടും കളിക്കളത്തില്‍. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍,കോഴിക്കോടിന് വേണ്ടിയാണ് ഇറങ്ങുക.

പത്തനംതിട്ടയില്‍ രണ്ട് വര്‍ഷം മൂന്‍പ് നടന്നസംസ്ഥാന ചാംപ്യന്‍ഷിപ്പിനിടെയാണ് മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ടോം ജോസഫിന് പരിക്കേറ്റത്.ഏപ്രിലില്‍ ഗോവയില്‍ നടന്ന അഖിലേന്ത്യാ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയെങ്കിലും,വീണ്ടും പരിക്കിന്‍റെ പിടിയിലായി.

ചുരുക്കത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കളിക്കളത്തില്‍ സജീവമല്ലായിരുന്നു ടോം.പരിക്ക് ഭേദമായ ശേഷമുള്ള ആദ്യ മത്സരത്തിന് ടോം ഇറങ്ങുന്നത് കോഴിക്കോടിന് വേണ്ടിയാണ്.ദീര്‍ഘകാലം എറണാകുളത്തിനായാണ് ടോം കളിച്ചു കൊണ്ടിരുന്നത്. ചികിത്സാകാലയളവില്‍ കോഴിക്കോടുമായുണ്ടായ അടുപ്പമാണ് പുതിയ കളത്തിലിറങ്ങാന്‍ ടോമിനെ പ്രേരിപ്പിച്ചത്. വലിയ ആത്മവിശ്വാസത്തിലാണെന്ന് ടോം ജോസഫ് പറഞ്ഞു.

കൊച്ചിന്‍ റിഫൈനറയില്‍ കഠിന പരിശീലനത്തിലാണ് ടോം ജോസഫും കൂട്ടരും. അഞ്ചു വര്‍ഷത്തോളം ഇന്ത്യന്‍ ടീമില്‍ സ്ഥിരസാനിധ്യമായിരുന്നു ടോം ജോസഫ്.ചെറിയ ഇടവേളക്ക് ശേഷം ടോം തിരിച്ചു വരുമ്പോള്‍ കായികപ്രേമികള്‍ കാത്തിരിക്കുന്നത് ഗ്യാലറികളെ ആവേശത്തിലാക്കിയിരുന്ന തകര്‍പ്പന്‍ സ്മാഷുകള്‍ക്കായാണ്.