Asianet News MalayalamAsianet News Malayalam

അറബിക്കടലിലെ സ്രാവുകളിൽ ഗവേഷണം നടത്താൻ ഇന്ത്യയും ഒമാനും കൈകോർക്കുന്നു; ചൂര പോലെ മറ്റ് വിഭവങ്ങളിലേക്കും സഹകരണം

അറബിക്കടലിൽ സ്രാവ്-തിരണ്ടിയിനങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട്  ഭാവിയിൽ ഈ മേഖലയിൽ സ്വീകരിക്കേണ്ട ഗവേഷണ പ്രവർത്തനങ്ങൾക്ക് അടിത്തറയൊരുക്കുകയാണ് ശിൽപശാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു

Indian and Oman to join hands for the research about sharks in arabian sea CMFRI to lead from India
Author
First Published May 10, 2024, 4:51 PM IST | Last Updated May 10, 2024, 4:51 PM IST

കൊച്ചി: അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു. ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി  ഇരു രാജ്യങ്ങളിലെയും വിദഗ്ധർ മെയ് 13 മുതൽ 22 വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് സിഎംഎഫ്ആർഐയും ഒമാനിനെ പ്രതിനിധീകരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫിഷറീസ് റിസർച്ചിന് കീഴിലുള്ള മറൈൻ ഫിഷറീസ് ആന്റ് റിസർച്ച് സെന്ററുമാണ് സംയുക്ത ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

അറബിക്കടലിൽ സ്രാവ്-തിരണ്ടിയിനങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട്  ഭാവിയിൽ ഈ മേഖലയിൽ സ്വീകരിക്കേണ്ട ഗവേഷണ പ്രവർത്തനങ്ങൾക്ക് അടിത്തറയൊരുക്കുകയാണ് ശിൽപശാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഭാവിയിൽ, ചൂര പോലുള്ള മറ്റ് വിഭവങ്ങളിലേക്കും സമുദ്രമത്സ്യമേഖലയുടെ പൊതുവായ വികസനത്തിലേക്കും ഈ ഗവേഷണ സഹകരണം വ്യാപിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. മാരികൾച്ചർ, ബയോടെക്നോളജി മേഖലകളിലും സഹകരണം ലക്ഷ്യം വെക്കുന്നുണ്ട്.

സൈറ്റസിന്റെ  (വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്തർദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷൻ) ഇന്ത്യയിലെ അംഗീകൃത സയന്റിഫിക് അതോറിറ്റിയാണ് സിഎംഎഫ്ആർഐ. സ്രാവ്-തിരണ്ടിയിനങ്ങളുമായി ബന്ധപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി വിപുലമായ ഗവേഷണ പദ്ധതി സിഎംഎഫ്ആർഐ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി, നിരവധി സ്രാവിനങ്ങളുമായി ബന്ധപ്പെട്ട് നയരൂപീകരണ നിർദേശങ്ങളും സംരക്ഷണപദ്ധതികളും സിഎംഎഫ്ആർഐ തയ്യാറാക്കി നൽകിയിട്ടുണ്ട്.

ശിൽപശാലയിൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ധർ ഈ മേഖലയിലെ അറിവും അനുഭവങ്ങളും പരസ്പരം കൈമാറും.
ഒമാൻ ഗവേഷണ സംഘത്തെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫിഷറീസ് റിസർച്ചിലെ അക്വാകൾച്ചർ സെന്ററിന്റെ ഡയറക്ടർ ഡോ ഖൽഫാൻ അൽ റാഷിദ് നയിക്കും.  സിഎംഎഫ്ആർഐയിലെ ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടനാണ് ഇന്ത്യൻ ഗവേഷണ സംഘത്തെ നയിക്കുന്നത്.   സ്രാവ്-തിരണ്ടി ഗവേഷണ രംഗത്തെ അവലോകത്തിനായി ഡോ. ശോഭയെ കഴിഞ്ഞ വർഷം ഒമാൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സിഎംഎഫ്ആർഐ ഫിൻഫിഷ് ഫിഷറീസ് വിഭാഗത്തിലെ ഇന്ത്യ-ഷാർക് ആന്റ് റേ ലാബിനാണ് ശിൽപശാലയുടെ നടത്തിപ്പ് ചുമതല.

 

Latest Videos
Follow Us:
Download App:
  • android
  • ios