Asianet News MalayalamAsianet News Malayalam

Blackberry ends service : സ്മാര്‍ട്ട്ഫോണ്‍ മേഖലയിലെ ഒരു യുഗത്തിന് അന്ത്യം; ബ്ലാക്ക്ബെറി സര്‍വ്വീസ് നിലയ്ക്കും

ഇന്‍ഹൌസ് സോഫ്റ്റ് വെയറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനം ജനുവരി 4ന് ശേഷം വിശ്വസനീയം ആയിരിക്കില്ലെന്നാണ് കമ്പനി വിശദമാക്കുന്നത്. 

after January 4 BlackBerry devices running the original operating system will no longer be supported, end of an era
Author
New Delhi, First Published Jan 4, 2022, 2:04 PM IST

ലോകപ്രശസ്ത സ്മാര്‍ട്ട് ഫോണായ ബ്ലാക്ക്ബെറി (BlackBerry) ജനുവരി നാല് മുതല്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നു. ഒറിജിനൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ബെറി ഡിവൈസുകള്‍ക്ക് ജനുവരി 4 ന് ശേഷം സപ്പോര്‍ട്ട് ലഭ്യമാകില്ലെന്നാണ് കനേഡിയന്‍ കമ്പനി വിശദമാക്കുന്നത്. സ്മാര്‍ട്ട്ഫോണ‍ രംഗത്തെ ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമാകുന്നത് (End of an Era).

റിസർച്ച് ഇൻ മോഷൻ (Research In Motion) എന്നറിയപ്പെട്ടിരുന്ന ഒന്റാറിയോ ആസ്ഥാനമായുള്ള ബ്ലാക്ക്‌ബെറി ലിമിറ്റഡ് 1990കളിലാണ് തങ്ങളുടെ സിഗ്നേച്ചര്‍ ഹാന്‍ഡ്സെറ്റുകള്‍ക്ക് ഏറെ പേരു നേടിയത്. ഇന്‍ഹൌസ് സോഫ്റ്റ് വെയറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനം ജനുവരി 4ന് ശേഷം വിശ്വസനീയം ആയിരിക്കില്ലെന്നാണ് കമ്പനി വിശദമാക്കുന്നത്. 2020ലാണ് ഈ നീക്കത്തേക്കുറിച്ച് കമ്പനി ആദ്യമായി വിശദമാക്കിയത്. വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും ഏറെ പേരുകേട്ട ബ്ലാക്ക് ബെറിയുടെ യുഗമാണ് ഇല്ലാതാവുന്നത്. എന്നാൽ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലാക്ബെറി ഹാന്‍ഡ്സെറ്റുകളുടെ പ്രവര്‍ത്തനത്തെ ഈ നീക്കം ബാധിക്കില്ല.

ബ്ലാക്ക് ബെറി 7.1 ഒ എസ്, ബ്ലാക്ക് ബെറി പ്ലേബുക്ക് ഒ എസ്, ബാക്ക് ബെറി 10 എന്നീ ഒഎസുകളെ അടിസ്ഥാനമാക്കിയുള്ള ഹാന്‍സെറ്റുകളുടെ പ്രവര്‍ത്തനമാവും നിലയ്ക്കുക. ക്യുവര്‍ട്ടി കീബോര്‍ഡ് ഫോണുകളാണ് ബ്ലാക്ക് ബെറിക്ക് പേരുനേടിക്കൊടുത്തത്. പ്രധാനമായും പ്രൊഫഷണലുകളാണ് ബ്ലാക്ക്ബെറി ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. ഇ-മെയില്‍ സേവനങ്ങള്‍ അനായാസം ഉപയോഗിക്കാനാകുമെന്നതായിരുന്നു ബ്ലാക്ക്ബെറി ഫോണുകളുടെ പ്രത്യേകത.  

ടച്ച്സ്‌ക്രീന്‍ ഫോണുകള്‍ വ്യാപകമായതോടെയാണ് ബ്ലാക്ക്ബെറിക്ക് ഹാന്‍ഡ്സെറ്റ് മേഖലയില്‍ കാലിടറി തുടങ്ങിയത്. 2016ല്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉല്‍പാദനം ബ്ലാക്ക് ബെറി അവസാനിപ്പിച്ചിരുന്നു. ഹാന്‍ഡ് സെറ്റ് നിര്‍മ്മാണം നിര്‍ത്തലാക്കി സോഫ്റ്റ് വെയര്‍ മേഖലയിലേക്ക് തിരിയുകയാണെന്ന് ബ്ലാക്ക് ബെറി നേരത്തെ വിശദമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios