Asianet News MalayalamAsianet News Malayalam

കയ്യിലുള്ളത് ഐഫോണ്‍ ആണോ? എയര്‍ടെല്ലിന്‍റെ 5ജി സേവനം ഉടന്‍ ലഭ്യമാകും

ദില്ലി, മുംബൈ, വാരണാസി, ബെംഗലുരു എന്നിവയുൾപ്പെടെ എട്ട് നഗരങ്ങളിൽ നിലവില്‍ എയർടെല്ലിന്റെ 5ജി സേവനങ്ങൾ  ലഭ്യമാണ്. അടുത്ത വർഷം മാർച്ചോടെ കൂടുതൽ നഗരങ്ങളിൽ സേവനങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തല്‍ 

airtel to start 5G services for iPhone users soon in india
Author
First Published Oct 5, 2022, 1:08 AM IST

ഇന്ത്യയിലെ ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്ക് ഉടന്‍ തന്നെ 5ജി സേവനങ്ങൾ ആസ്വദിക്കാനാകുമെന്ന് റിപ്പോർട്ട്. ഐഫോൺ മോഡലുകളുള്ള എയർടെൽ ഉപഭോക്താക്കൾക്കാണ് 5ജി ലഭ്യമായി തുടങ്ങുക. കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിലാണ് 5ജി ടെലികോം സേവനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഡൽഹി, മുംബൈ, വാരണാസി, ബാംഗ്ലൂർ എന്നിവയുൾപ്പെടെ എട്ട് നഗരങ്ങളിൽ നിലവില്‍ എയർടെല്ലിന്റെ 5ജി സേവനങ്ങൾ  ലഭ്യമാണ്.

ഇന്ത്യയിൽ ആപ്പിൾ 5ജി സേവനങ്ങൾ പരീക്ഷിക്കുകയാണ് ഇപ്പോൾ. രാജ്യത്തെ ഐഫോൺ ഉപയോക്താക്കൾക്ക് ഉടൻ തന്നെ എയർടെല്ലിന്റെ 5ജി നെറ്റ്‌വർക്കുകൾ ഉപയോഗിക്കാനാവുമെന്ന് എയർടെല്ലിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ രൺദീപ് സെഖോണാണ് അറിയിച്ചത്. റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ദീപാവലി സമയത്ത് ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ലഭ്യമാകും. 2023 ഡിസംബറോടെ രാജ്യത്താകെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി നേരത്തെ പറഞ്ഞിരുന്നു. 

ഡൽഹി, മുംബൈ, വാരണാസി, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, സിലിഗുരി, അഹമ്മദാബാദ് എന്നീ എട്ട് നഗരങ്ങളിൽ എയർടെൽ ഇതിനകം 5ജി അവതരിപ്പിച്ചു. അടുത്ത വർഷം മാർച്ചോടെ കൂടുതൽ നഗരങ്ങളിൽ സേവനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 മാർച്ചോടെ പാൻ-ഇന്ത്യ കവറേജാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. തങ്ങളുടെ സിം 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തവർ അവരുടെ സിമ്മുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്നും എയർടെൽ  അറിയിച്ചിട്ടുണ്ട്. 5ജിയെ 4ജി സിം സപ്പോർട്ട് ചെയ്യുമെന്നാണ് എയര്‍ടെല്‍ നല്‍കുന്ന വാഗ്ദാനം. തങ്ങളുടെ പ്രദേശത്ത് 5ജി ലഭിക്കുമോ, എപ്പോൾ ലഭിക്കുമെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക് അവരുടെ നഗരവും ഫോണും ഉപയോഗിച്ച് എയർടെൽ താങ്ക്സ് ആപ്പിൽ അപ്ഡേഷൻ പരിശോധിക്കാനും സാധിക്കും. 

5ജി ആരംഭിച്ചതിന് ശേഷം മാത്രമേ ഈ ഫീച്ചർ ലൈവ് ആകൂ. വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് 5ജി  സേവനങ്ങൾ രാജ്യത്ത് ആരംഭിച്ചത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി  നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. വേഗത്തിലുള്ള 5G യുടെ നടപടികൾ സുഗമമാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) 2022 ഓഗസ്റ്റിൽ റൈറ്റ് ഓഫ് വേ (RoW) ചട്ടങ്ങൾ 2016 ഭേദഗതി ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios