മുംബൈ : കടക്കെണിയിലായ ബിഎസ്എൻഎൽ സ്വേച്ഛയാ വിരമിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചതോടെ അത് സ്വീകരിച്ച് ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാരാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ വിരമിച്ചത്. അതുകൊണ്ടുതന്നെ പല എക്സ്ചേഞ്ചുകളിലും ഇപ്പോൾ വേണ്ടത്ര ജീവനക്കാരുടെ സേവനം ലഭ്യമല്ല. അതിനിടയിൽ ഈ ഏപ്രിൽ ഒന്നാം തീയതി മുതൽ 4G സേവനങ്ങൾ രാജ്യവ്യാപകമായി ലഭ്യമായിത്തുടങ്ങും എന്നും ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. അതിനു വേണ്ട ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നിർദേശങ്ങൾ കോർപ്പറേറ്റ് ഓഫീസിൽ നിന്ന് മേഖലാ ഓഫീസുകൾക്ക് ലഭിച്ചു കഴിഞ്ഞു. 

ബിഎസ്എൻഎല്ലിന്റെ തകർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ഒരു കാരണം സമയനുസൃതമായി 4G അടക്കമുള്ള പുതിയ സാങ്കേതികസേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാത്തതാണ് എന്നതായിരുന്നു. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്നുതന്നെ അത് ലഭ്യമാക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇപ്പോൾ തന്നെ 4G സ്പെക്ട്രം ബിഎസ്എൻഎല്ലിന് ലഭ്യമാണെങ്കിലും, ടവറുകളിൽ അതിനുവേണ്ട ആധുനിക സജ്ജീകരണങ്ങൾ കൊണ്ടുവരാൻ വേണ്ട സാവകാശം അനുവദിച്ചുകൊണ്ടാണ്‌ ഏപ്രിൽ ഒന്ന് എന്ന തീയതി നിജപ്പെടുത്തിയിട്ടുള്ളത്.

 

 

ഏപ്രിൽ ഒന്നാം തീയതി ഇത് നടപ്പിൽ വരുന്നതോടെ രാജ്യത്തെ ഒരു ലക്ഷം ടവറുകളാണ് 4G ആയി മാറുക. നിലവിലുള്ള 50,000 ടവറുകൾ ഇതിന്റെ ഭാഗമായി പുതിയ ഉപകരണങ്ങൾ ഘടിപ്പിച്ച് നവീകരിക്കും. ഇപ്പോൾ കേരളത്തിലെ കുറച്ചു സ്ഥലങ്ങളിൽ അടക്കം ലഭ്യമാക്കിയ 4G യുടെ മാതൃകയാകും രാജ്യവ്യാപകമായി നടപ്പാക്കുക. ഫോൺ വിളികൾക്ക് 2G യും, ഡാറ്റാ ഉപയോഗങ്ങങ്ങൾക്ക് 4G യും എന്ന മാതൃകയാണ് ഇപ്പോൾ കേരളത്തിൽ അടക്കം ബിഎസ്എൻഎൽ 4G നടപ്പിലാക്കിയ പ്രദേശങ്ങളിൽ പരീക്ഷിച്ചത്.   ഈ പരീക്ഷണം വരുമാനത്തിൽ വർദ്ധനവുണ്ടാക്കി എന്ന സർക്കിൾ ഓഫീസുകളുടെ റിപ്പോർട്ടാണ് രാജ്യവ്യാപകമായി ഇതേ മാതൃക നടപ്പിൽ വരുത്താനുള്ള തീരുമാനത്തിന് പിന്നിൽ. കേരളത്തിൽ ഇപ്പോൾ 701 ടവറുകളിലാണ് 4G സേവനങ്ങൾ ലഭ്യമാക്കപ്പെട്ടിട്ടുള്ളത്. ജിഎസ്ടി അടക്കം 15853 കോടി രൂപയാണ് 4G ക്ക് ബിഎസ്എൻഎൽ ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക കേന്ദ്ര സർക്കാർ വഹിക്കുമെന്നാണ് ധാരണ. അതിനുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്.

എന്നാൽ, ഈ പദ്ധതികളെ ഒക്കെ അവതാളത്തിലാക്കാൻ പോന്നതാണ് സ്വയം വിരമിക്കലിനു ശേഷമുള്ള ബിഎസ്എൻഎല്ലിൽ ജീവനക്കാരുടെ അഭാവം. അമ്പതുശതമാനത്തിലേറെപ്പേർ വിആർഎസ് എടുത്തുകഴിഞ്ഞു. റീചാർജ്ജ് ചെയ്യൽ അടക്കമുള്ള പല അടിസ്ഥാന സൗകര്യങ്ങളും ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ ഉപഭോക്തൃസേവന കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കാതെയായി എന്ന പരാതി വ്യാപകമാണ്. അങ്ങനെയുള്ള പല സേവനങ്ങളും ഗതികെട്ട് പുറം കരാർ നൽകുക വരെ ചെയ്യേണ്ട അവസ്ഥ ഇപ്പോൾ ബിഎസ്എൻഎല്ലിനുണ്ട്. അതിനിടെ 4G പോലുള്ള ആഴത്തിലുള്ള സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ഒരു സേവനം രാജ്യവ്യാപകമായി തുടങ്ങുമ്പോൾ കടുത്ത പ്രതിസന്ധിയിലേക്ക് അത് ബിഎസ്എൻഎല്ലിനെ നയിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.