ലണ്ടന്‍: കൊവിഡ് 19 ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫേസ്ബുക്കിന്‍റെ ലണ്ടനിലെ ഓഫീസും സിങ്കപ്പൂരിലെ ആസ്ഥാന ഓഫീസിന്‍റെ ഭാഗവും അടയ്ക്കുന്നു. സിങ്കപ്പൂര്‍ ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. 

ഫേസ്ബുക്കിന്‍റെ മറീന വണ്‍ ഓഫീസിലെ ജീവനക്കാരനാണ് വെള്ളിയാഴ്ച കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ ഇയാള്‍ ലണ്ടന്‍ ഓഫീസ് സന്ദര്‍ശിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ലണ്ടനിലെ ഓഫീസും അടയ്ക്കാന്‍ തീരുമാനമായത്. സിങ്കപ്പൂര്‍ ഓഫീസിലെ ജീവനക്കാരോട് മാര്‍ച്ച് 13 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനിയുടെ നിര്‍ദ്ദേശം. രോഗം സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച ഓഫീസുകള്‍ വൈറസ് മുക്തമാക്കുന്നതിനായി അടച്ചുപൂട്ടുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.  

ഫേസ്ബുക്കിന്‍റെ ഷാങ്ഹായ് ഓഫീസ് നേരത്തെ അടച്ചിരുന്നു. ഇറ്റലി, ദക്ഷിണ കൊറിയ, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങിലെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് കമ്പനി നിര്‍ദ്ദേശം നല്‍കിയിരുന്നു.