തിരുവനന്തപുരം: ഇന്നലെ രാത്രിയാണ് പൊടുന്നനെ വാട്‌സ്ആപ്പും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തകരാറിലായത്. പിന്നീടങ്ങോട്ട് ചിത്രങ്ങളും വീഡിയോകളും കാണാനും പങ്കുവയ്ക്കാനും പറ്റാത്ത സ്ഥിതിയായി. എന്താണ് സംഭവിച്ചതെന്നറിയാൻ ആളുകൾ ഒന്നൊന്നായി ട്വീറ്റ് ചെയ്തതോടെ സംഭവം ട്വിറ്ററിൽ ട്രെന്റിംഗായി.

ഇതിന് പിന്നാലെയാണ് പലരുടെയും ഫോണിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെസേജ് എന്ന നിലയിൽ ആ സന്ദേശം ലഭിച്ചത്. "കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം രാത്രി 11.30 മുതൽ രാവിലെ ആറ് വരെ ദിവസവും വാട്സ്ആപ്പ് പ്രവർത്തനരഹിതമാകും," എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് സന്ദേശത്തിൽ വിചിത്രമായ വാദങ്ങളാണ് ഉന്നയിക്കപ്പെട്ടത്. എന്നാൽ അത് മാത്രമായിരുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണമാണ് ആപ് തകരാൻ കാരണമെന്നും, വാട്സ്ആപ്പ് സർവർ ഹാക്ക് ചെയ്യപ്പെട്ടതാണ് കാരണമെന്നും വരെ സന്ദേശങ്ങൾ പ്രചരിച്ചു.

മോദിയുടെ പേരിൽ പ്രചരിച്ച ഇംഗ്ലീഷ് സന്ദേശത്തിൽ വാട്‌സ്ആപ്പിന്റെയും മെസഞ്ചറിന്റെയും അമിത ഉപയോഗം കണ്ടെത്തിയെന്ന് പറയുന്നുണ്ട്.  ഈ സന്ദേശം കോണ്ടാക്ട് ലിസ്റ്റിലെ എല്ലാവർക്കും അയച്ചില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുമെന്നും പിന്നീടിത് വീണ്ടും ആക്ടിവേറ്റ് ചെയ്യണമെങ്കിൽ 499 രൂപ മാസം തോറും നൽകേണ്ടിവരുമെന്നും ഈ സന്ദേശത്തിൽ പറയുന്നു. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും. എല്ലാവരോടും സഹകരണത്തിന് ടീം മോദി നന്ദി അറിയിക്കുന്നുവെന്നുമാണ് ഈ സന്ദേശത്തിൽ പറഞ്ഞത്. 

മലയാളത്തിൽ പ്രചരിച്ച മറ്റൊരു വ്യാജ സന്ദേശത്തിൽ, "ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 7 മണിയോടെ സിറിയൻ പതാക പതിച്ച ഒരു ഉപഗ്രഹം ഡെൽഹിക്ക് മുകളിൽ കണ്ടതായി ISROയുടെ വാട്സാറ്റ് 3B ഉപഗ്രഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിങ്ങളുടെ ചാറ്റ് മെസ്സേജുകളും ഫയലുകളും കോസ്മിക്ക് കിരണങ്ങൾ ഉപയോഗിച്ച് ഹാക്ക് ചെയ്ത് സിറിയയിലേക്ക് കടത്താനുള്ള ശ്രമമാകാം ഇതെന്നാണ് പ്രശസ്ത സൈബർ സുരക്ഷാ വിദഗ്ദൻ ശ്രീമാധവൻ നായർ അഭിപ്രായപ്പെടുന്നത്," എന്നാണ് പറയുന്നത്. ഇതിന് പ്രതിവിധിയായി ഇന്തോ-റഷ്യൻ സുരക്ഷാ കരാറിന്റെ ഭാഗമായി ഇന്ത്യൻ പട്ടാളക്കാർക്ക് സന്ദേശങ്ങൾ കൈമാറാനായി നിർമിച്ച ടെലഗ്രാം എന്ന ആപ്ലിക്കേഷൻ നാസയിലെ ശാസ്ത്രജ്ഞനായ നോബൽ സമ്മാന ജേതാവ് പാവെൽ ഡ്യുറോവ്  നിർദ്ദേശിച്ചെന്നും ഈ സന്ദേശത്തിൽ പറയുന്നു.

യഥാർത്ഥത്തിൽ സിറിയൻ പതാക പതിച്ച ഒരു ഉപഗ്രഹവും ദില്ലിക്ക് മുകളിൽ കണ്ടതായി ഇതുവരെ റിപ്പോർട്ടുകളില്ല. ഐഎസ്ആർഒയ്ക്ക് വാട്‌സാറ്റ് 3ബി എന്ന ഉപഗ്രഹവുമില്ല. പവേൽ ഡ്യുറോവ് എന്നയാൾ നാസയിലെ ശാസ്ത്രജ്ഞനല്ല, മറിച്ച് റഷ്യയിലെ പ്രശസ്തനായ ബിസിനസുകാരനാണ്. ഇദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചിട്ടുമില്ല. ടെലഗ്രാം എന്നത് ഇന്തോ-റഷ്യൻ സുരക്ഷാ കരാറിന്റെ ഭാഗമായി നിർമ്മിച്ച ആപ്ലിക്കേഷനല്ല, വെറുമൊരു സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ മാത്രമാണ്.

മറ്റൊരു സന്ദേശത്തിൽ "വാട്സാപ്പ്  സെർവർ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നുള്ള സംശയം ഉള്ളതായി വാട്സാപ് അഡ്മിനിസ്റ്റർ mr. Albertine henry  അറിയിച്ചു.  പേഴ്സണൽ ഡാറ്റാസ്‌  ഒന്നും തന്നെ 3 ദിവസത്തേക്ക് പരസ്പരം കൈമാറാൻ പാടുള്ളതല്ല," എന്നാണ് പറയുന്നത്. എന്നാൽ ആർബർട്ടിൻ ഹെൻറി എന്ന പേരിൽ ഒരു ഉന്നത ഉദ്യോഗസ്ഥനും വാട്സ്ആപ്പിന് വേണ്ടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. 

എന്നാൽ ഫെയ്സ്ബുക്കിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ അവർ തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. അടിക്കടി നടക്കുന്ന മെയിന്റനൻസ് പ്രവർത്തനത്തിനിടെ ഒരു ബഗ് ഉണ്ടാവുകയും ഇതുമൂലം ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടുകയുമായിരുന്നുവെന്ന് ഫെയ്സ്ബുക്കിന്റെ ഔദ്യോഗിക വക്താവ് തന്നെ വ്യക്തമാക്കിയിരുന്നു.

വ്യാജ സന്ദേശങ്ങളെ ഭയന്ന് നിരവധി പേരാണ് ഇന്നലെ ആശങ്കയിലായത്. എന്നാൽ വാട്സ്ആപ്പിനും ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ലോകമൊട്ടാകെ ഈ പ്രശ്നം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ച് 13 നും ഇത്തരത്തിൽ മൂന്ന് ആപ്പുകളും തടസ്സം നേരിട്ടിരുന്നു. ഏതാണ്ട് 24 മണിക്കൂർ നേരമാണ് അന്ന് ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെട്ടത്.