റിലയൻസ് ജിയോയുടെ വെല്ലുവിളി നേരിടാൻ പുത്തൻ ഓഫറുമായി ഐഡിയ. പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയാണ് ഐഡിയയുടെ വാഗ്ദാനം. 347 രൂപയുടെ പ്രതിമാസ പ്ലാനിൽ ഇന്ത്യയിലെവിടേക്കും പരിധിയില്ലാതെ വിളിക്കാം.  

റിലയൻസ് ജിയോ വരുത്തിയ നഷ്ടം മറികടക്കാനാണ് പുത്തൻ ഓഫറുമായി ഐഡിയയുടെ വരവ്. 347 രൂപയുടെ പ്ലാനിൽ പ്രതിദിനം ഒരു ജിബി സൗജന്യ ഡാറ്റയും ഇന്ത്യയിലെവിടേക്കും ഏത് നെറ്റ്ർവർക്കിലേക്കും പരിധിയില്ലാതെ വിളിക്കുകയും ചെയ്യാം. 28 ദിവസമാണ് പ്ലാനിന്‍റെ കാലാവധി. നിലവിലുള്ള ഐഡിയ ഉപഭോക്താക്കൾക്ക് 347 രൂപയ്ക്ക് റീചാർജ് ചെയ്താൽ പുതിയ ഓഫർ ലഭിക്കും.

പക്ഷേ ഓഫർ ലഭിക്കണമെങ്കിൽ മാർച്ച് 31ന് മുന്പ് 347 രൂപയ്ക്ക് റീചാർജ് ചെയ്യണം. തുടർന്ന് അടുത്ത ഒരു വർഷത്തേക്ക് ഈ പ്ലാൻ തുടരാം. 4ജിയുള്ളിടത്ത് 4ജിയിലും അല്ലാത്തിടത്ത് 3ജി, 2ജിയിലും 347രൂപയുടെ പ്ലാൻ ലഭ്യമാകും. പ്രതിദിനമുള്ള ഒരു ജിബി ഉപയോഗത്തിന് ശേഷം ഡാറ്റ വേഗം 256 കെബിപിഎസായി ചുരുങ്ങും.

റിലയൻസ് ജിയോ തെരഞ്ഞെടുത്ത സ്മാർട് ഫോണുകളിൽ മാത്രം 4ജി സേവനം ലഭ്യമാക്കുന്പോൾ ഏത് 4ജി ഫോണിലും ഐഡിയയുടെ 4ജി സേവനം ലഭിക്കും..

രണ്ട് ദിവസം മുന്പ് അതരിപ്പിച്ച പ്ലാനിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഐഡിയ അവകാശപ്പെടുന്നു. ഓരോ ദിവസവും 40,000 പേരിലധികം ഉപഭോക്താക്കൾ പുതിയ ഓഫറിലേക്ക് മാറുന്നുണ്ടെന്നാണ് കണക്ക്.

റിലയൻസ് ജിയോയുടെ വരവ് കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവായ ഐഡിയയുടെ വരുമാനത്തിൽ ഗണ്യമായ ഇടിവ് വരുത്തിയിരുന്നു. ഈ നഷ്ടം മറികടക്കുക എന്ന ലക്ഷ്യമാണ് പുതിയ ഓഫറിന് പിന്നിൽ.