രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ മുഖാവരണം അണിയിക്കരുതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സും ആവശ്യപ്പെട്ടിരുന്നു. 

ടോക്യോ: രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് അപകടകരമാണെന്ന് ജപ്പാന്‍ പീഡിയാട്രിക് അസോസിയേഷന്‍. കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് ശ്വാസ തടസ്സമുണ്ടാക്കുമെന്നും ശ്വാസംമുട്ടലിനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ അടിയന്തരാവസ്ഥ നീക്കിയ സാഹചര്യത്തില്‍ ചെറിയ കുട്ടികളെ മാസ്‌ക് ധരിപ്പിക്കരുതെന്ന് മാതാപിതാക്കളോട് സംഘടന നിര്‍ദേശിച്ചു. 

ചെറിയകുട്ടികളുടെ ശ്വസനനാളി വളരെ ഇടുങ്ങിയതാണ്. അതുകൊണ്ട് തന്നെ കൃത്യമായ ശ്വസനമില്ലെങ്കില്‍ ഹൃദയത്തിന് പ്രശ്‌നം വര്‍ധിക്കും. അതുകൊണ്ട് തന്നെ രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ മുഖാവരണം അണിയിക്കരുതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സും ആവശ്യപ്പെട്ടിരുന്നു. 

കൊവിഡ് വ്യാപനം തടയാന്‍ പ്രധാന മാര്‍ഗമായി ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചതയായിരുന്നു മുഖാവരണവും സാമൂഹിക അകലവും. കൊറോണവൈറസ് വായുവിലൂടെയും സമ്പര്‍ക്കത്തിലൂടെയും പകരാമെന്നതിനാലാണ് പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. പല രാജ്യങ്ങളും നിയമപ്രകാരമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.