ദില്ലി: ചൈനയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേ നിര്‍മ്മാണ യൂണിറ്റ് ഉത്തര്‍പ്രദേശിലേക്ക് പറിച്ചുനടാന്‍ തീരുമാനിച്ച് സാംസങ്. ഇതിനായി 4825 കോടി രൂപയാണ് കൊറിയന്‍ കമ്പനി നിക്ഷേപിക്കുക. നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി കമ്പനിക്ക് പ്രത്യേക ഇന്‍സെന്റീവുകള്‍ നല്‍കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യമായിട്ടാണ് സാംസങ് ഇന്ത്യയില്‍ ഇത്രയും വലിയ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. നോയിഡയിലായിരിക്കും നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്പനിക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.

യുപി സര്‍ക്കാറിന്റെ ശ്രമഫലമായാണ് ചൈനയിലെ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യയിലേക്ക് എത്തിച്ചത്. യുപി ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് പോളിസി 2017 പ്രകാരം ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് നികുതിയില്‍ നിന്ന് സാംസങ്ങിനെ ഒഴിവാക്കും. ഏകദേശം 250 കോടി രൂപയുടെ കിഴിവുകളാണ് സര്‍ക്കാര്‍ കമ്പനിക്ക് നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ നയപ്രകാരം സാംസങ്ങിന് 460 കോടിയുടെ ഇളവുകളും ലഭിക്കും. പദ്ധതി ഉത്തര്‍പ്രദേശിനെ കയറ്റുമതി രംഗത്ത് ആഗോള ശ്രദ്ധാ കേന്ദ്രമാക്കുമെന്നും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും അധികൃതര്‍ പറഞ്ഞു.