ഉപയോക്താക്കളുടെ പോസ്റ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിന് ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ സുക്കര്‍ബര്‍ഗിന് നേരെ രൂക്ഷ പരിഹാസം. ഓസ്ട്രേലിയയിലെ ആക്ഷേപ ഹാസ്യ  മാധ്യമമായ ദി ചേസര്‍ നിര്‍മ്മിച്ച സുക്കര്‍ബര്‍ഗിനെ സംബന്ധിച്ച വ്യാജപോസ്റ്റ് പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടത് 1.2ദശലക്ഷം ആളുകള്‍. ആക്ഷേപ ഹാസ്യ മാധ്യമമായ ദി ചേസര്‍ വെള്ളിയാഴ്ചയാണ് സുക്കര്‍ബര്‍ഗിനെ കളിയാക്കിക്കൊണ്ടുള്ള കുറിപ്പിട്ടത്. 

സമൂഹമാധ്യമങ്ങള്‍ വസ്തുതാ പരിശോധന നടത്തേണ്ട കാര്യമില്ലെന്ന് ശിശുപീഡകനായ സുക്കര്‍ബര്‍ഗ് വിശദമാക്കിയെന്നായിരുന്നു കുറിപ്പ് പറയുന്നത്. ഈ കുറിപ്പ് വായിക്കാനായി പതിവില്‍ കവിഞ്ഞ് വായനക്കാര്‍ എത്തിയതോടെ സൈറ്റ് തകരാറിലായെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഏറെ താല്‍പര്യത്തോടെയാണ് കാണുന്നതെന്ന് വിശദമാക്കിയാണ് ദി ചേസര്‍ കുറിപ്പ് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളുടെ വസ്തുത പരിശോധിക്കേണ്ടത് ഫേസ്ബുക്ക് അല്ലെന്ന് സുക്കര്‍ബര്‍ഗ് പ്രതികരിച്ചത്. 

1999ലാണ് ദി ചേസര്‍ സ്ഥാപിതമായത്. ആക്ഷേപ ഹാസ്യ മേഖലയില്‍ ഏറെ പ്രശസ്തരായ ട്രൂപ്പാണ് ഈ മാധ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.  സമാനമായ രീതിയില്‍ സുക്കര്‍ബര്‍ഗ് 36ാം വയസില്‍ മരിച്ചുവെന്നാണ് ഓസ്ട്രേലിയയിലെ ആക്ഷേപ ഹാസ്യ മാധ്യമമായ ദി ഷവല്‍ കുറിപ്പ് തയ്യാറാക്കിയത്.

അതേസമയം ഫാക്ട്ചെക് വിവാദത്തിന് പിന്നാലെ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവിൽ ട്രംപ് ഒപ്പ് വച്ചു. റെഗുലേറ്റർമാർക്ക് സാമൂഹിക മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് പുതിയ നിയമം. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 

ഹോങ്കോങിൽ ചൈന ദേശീയ സുരക്ഷ നിയമം നടപ്പാക്കിയാലും ഫേസ്ബുക്ക് ഉടമസ്ഥതയിലുളള സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാർക്ക് സുക്കർ ബർഗ് പ്രതികരിച്ചിരുന്നു. നിലവിൽ ചൈനയിൽ ട്വിറ്റ‌ർ, ഫേസ് ബുക്ക് എന്നിവ ഉപയോഗിക്കുന്നിത് വിലക്കുണ്ടെങ്കിലും,ഹോങ്കോങിൽ നിയന്ത്രണങ്ങളില്ല. എന്നാല്‍ ദേശീയ സുരക്ഷാ നിയമം നടപ്പിലാകുമ്പോള്‍ ഇതില്‍ മാറ്റങ്ങളുണ്ടാവുമോയെന്ന് ചെന ഇനിയും വ്യക്തമാക്കിയിട്ടില്ല.