Asianet News MalayalamAsianet News Malayalam

ചൈനയില്‍ നിന്ന് അകലാന്‍ ടിക് ടോക്; വന്‍ മാറ്റത്തിനൊരുങ്ങുന്നുവെന്ന് സൂചന

ചൈനീസ് ബന്ധം തിരിച്ചടിയാകുന്നുവെന്ന് വ്യക്തമായതോടെ വിവിധ രാജ്യങ്ങളില്‍ ഓഫീസ് സ്ഥാപിച്ച് പ്രവര്‍ത്തിക്കാനാണ് ടിക് ടോക്കിന്റെ ആലോചന.
 

TikTok Considers Big Changes to Distance Itself From China
Author
New Delhi, First Published Jul 10, 2020, 5:14 PM IST

ദില്ലി: ഇന്ത്യ നിരോധിച്ചതിന് പിന്നാലെ യുഎസും നിരോധന ഭീഷണി മുഴക്കിയതോടെ വന്‍ മാറ്റത്തിനൊരുങ്ങി വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്. ചൈനക്ക് പുറത്തേക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മാറ്റാനും പുതിയ മാനേജ്‌മെന്റ് ബോര്‍ഡ് സൃഷ്ടിക്കാനുമാണ് ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡ് ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ബൈറ്റ്ഡാന്‍സിന് ഉപരിയായി ടിക് ടോക്കിന് പ്രത്യേക ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇല്ല. ചൈന കേന്ദ്രീകരിച്ചാണ് മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ് പ്രവര്‍ത്തിക്കുന്നത്.

ചൈനീസ് ബന്ധം തിരിച്ചടിയാകുന്നുവെന്ന് വ്യക്തമായതോടെ വിവിധ രാജ്യങ്ങളില്‍ ഓഫീസ് സ്ഥാപിച്ച് പ്രവര്‍ത്തിക്കാനാണ് ടിക് ടോക്കിന്റെ ആലോചന. പേരു വെളിപ്പെടുത്താത്ത ടിക് ടോക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോസ് ആഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ലണ്ടന്‍, ഡുബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസ് തുറക്കാനാണ് ആലോചന. നേരത്തെ വാള്‍സ്ട്രീറ്റ് ജേണലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിര്‍മാതാക്കളുടെയും താല്‍പര്യം മാനിച്ചാണ് പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ലോകത്താകെ ആരാധകരുള്ള ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ വന്‍ തിരിച്ചടിയാണ് കമ്പനിക്കുണ്ടായത്. 30 ശതമാനം ഉപയോക്താക്കളെയാണ് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയതോടെ നഷ്ടപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടായി. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ഗാല്‍വാന്‍ സംഘര്‍ഷത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യയുടെ നടപടി. പിന്നാലെ, ടിക് ടോക് നിരോധിക്കാന്‍ അമേരിക്കയും തയ്യാറെടുക്കുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നു. അമേരിക്കയിലും കോടിക്കണക്കിന് പേര്‍ ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. ബൈറ്റ്ഡാന്‍സ് നിലവില്‍ അമേരിക്കയില്‍ പരിശോധന നേരിടുന്ന കമ്പനിയാണ്.

കുട്ടികളുടെ സ്വകാര്യവിവരങ്ങള്‍ അവരുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ ടിക് ടോക് ചോര്‍ത്തുന്നുവെന്ന് അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ടിക് ടോക് നിഷേധിച്ചു. ലോകത്താകമാനം 200 കോടി ആളുകളാണ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios