Asianet News MalayalamAsianet News Malayalam

ട്രാക്ക് വ്യൂ നിങ്ങളെ ഒളിഞ്ഞു നോക്കുന്നുണ്ട്; ശ്രദ്ധിക്കുക

 മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാമുകിയുടെ ഭര്‍ത്താവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കാശ് തട്ടിയെന്ന കേസില്‍ യുവാവ് അറസ്റ്റിലായത് ഇന്ന് വലിയ വാര്‍ത്തയായിരുന്നു. 

track view spy app
Author
Kochi, First Published Aug 4, 2018, 9:22 PM IST

കൊച്ചി: മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാമുകിയുടെ ഭര്‍ത്താവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കാശ് തട്ടിയെന്ന കേസില്‍ യുവാവ് അറസ്റ്റിലായത് ഇന്ന് വലിയ വാര്‍ത്തയായിരുന്നു. ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി ഏഴ് ലക്ഷം രൂപ തട്ടിയെന്നും പരാതിയുണ്ട്. എളമക്കര സ്വദേശിയുടെ പരാതിയിലാണ് അമ്പലപ്പുഴ കക്കാഴ സ്വദേശി അജിത്ത് എളമക്കര പൊലീസിന്റെ പിടിയിലായത്. എളമക്കരയിലെ സ്വകാര്യബാങ്കില്‍ ജീവനക്കാരനാണ് പ്രതി  സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പ്.

സംഭവത്തില്‍ യുവാവിന് വില്ലനായത് ട്രാക്ക് വ്യൂ എന്ന ആപ്പാണ്.  ഫോണില്‍ ഒളിപ്പിച്ച് വയ്ക്കാവുന്ന ആപ്പ് ഉപയോഗിച്ച് ഫോണിന്‍റെ ക്യാമറ ഫോണിന്‍റെ ഉടമ അറിയാതെ പ്രവര്‍ത്തിപ്പിക്കാനും, ലോക്കേഷന്‍ അറിയാനും സാധിക്കും. പ്ലേ സ്റ്റോറില്‍ നിന്നും ലഭിക്കുന്ന ഈ ആപ്പ് ശരിക്കും മറ്റൊരു ഡിവൈസ് പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കാം. ശരിക്കും നിങ്ങളെ ഒരാള്‍ക്ക് ട്രാക്ക് ചെയ്യണമെങ്കില്‍ ട്രക്ക് വ്യൂ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പെര്‍മിഷന്‍ നല്‍കിയാല്‍ മതി. ഇത്തരത്തില്‍ കൊച്ചി സ്വദേശിയായ യുവാവിന്‍റെ കിടപ്പറ ദൃശ്യങ്ങള്‍ വരെ ചോര്‍ത്തിയ ആപ്പ് അയാളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തത് സ്വന്തം ഭാര്യ തന്നെയാണ് എന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവാവ് പറയുന്നത് ഇതാണ്.

പലപ്പോഴും ഫോണിന്‍റെ ക്യാമറ ഞങ്ങളുടെ കിടപ്പുമുറിയിലും മറ്റും ഫോണ്‍ സാധാരണ രീതിയില്‍ താഴെ വെക്കാതെ അവള്‍ ക്യാമറ മുകളില്‍ വരുന്ന രീതിയില്‍ ചരിച്ചുവെക്കാറുണ്ടായിരുന്നു. ഇക്കാര്യത്തെ ചൊല്ലിയും ഞങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. അന്ന് ഇതെന്തിനാണെന്ന് മനസ്സിലായിരുന്നില്ലെങ്കിലും ഇപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായി വരുന്നത്, താന്‍ പോകുന്ന ലോക്കേഷന്‍സ് ഭാര്യ കൃത്യമായി പറയാന്‍ തുടങ്ങിയതോടെയാണ് സംശയം ജനിച്ചത്. പിന്നീട് സൈബര്‍ വിദഗ്ധനായ സുഹൃത്തിന്‍റെ സഹായത്തോടെ ആപ്പ് കണ്ടെത്തി, അത് ഉപയോഗിച്ച നമ്പറില്‍ ബന്ധപ്പെട്ടു അപ്പോഴാണ്, അശ്ലീല ദൃശ്യങ്ങള്‍ അടക്കമുണ്ട് പണം തരണം എന്ന ഭീഷണി വന്നത്.

 

ഇത്തരം ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ? - ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

1. നിങ്ങളുടെ ലോക്കേഷന്‍, ഫോട്ടോകള്‍ എന്നിവ നിങ്ങള്‍ക്ക് പരിചയമില്ലാത്ത വ്യക്തി നിങ്ങളോട് കൃത്യമായി പറയുന്നെങ്കില്‍ മുന്‍കരുതല്‍ എടുക്കുക
2. ഫോണിലെ ആപ്പുകള്‍ കൃത്യമായി ഏതോക്കെയെന്ന് ശ്രദ്ധിക്കുക
3. അപരിചതര്‍ക്ക് ഫോണ്‍ കൈമാറാതിരിക്കുക
4. ഏതെങ്കിലും സാഹചര്യത്തില്‍ കുറേസമയം ഫോണ്‍ മറ്റൊരാള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, ഫോണ്‍ സ്കാന്‍ ചെയ്യുക
5. സൈബര്‍ വിദഗ്ധരുടെ സഹായം തേടുക

Follow Us:
Download App:
  • android
  • ios